ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് പാരാമൗണ്ട് പിക്ചേഴ്സും റിയാലിറ്റി ഷോ താരം ജോജോ സിവയും വില്‍ സ്മിത്ത് ചിത്രം ‘ബൗണ്‍സി’ല്‍ നിന്നും പിന്മാറി. മേഗന്‍ ഷൂളിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമ 2020ലായിരുന്നു പ്രഖ്യാപിച്ചത്.’ആ പ്രോജക്റ്റ് നിര്‍ത്തിവച്ചു, പിന്നെ പോയി. ആ പ്രോജക്റ്റ് ആയിരുന്നില്ല എന്റെ തുടക്കം’, ശനിയാഴ്ച നടന്ന ഗ്ലാഡ് മീഡിയ അവാര്‍ഡില്‍ തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് സിവ പറഞ്ഞു.എന്നാല്‍ സിനിമയില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണം ഓസ്‌കാര്‍ വിവാദങ്ങള്‍ അല്ലെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സിനിമയുമായി സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഓസ്‌കാര്‍ വേദിയിലെ തല്ല് വില്‍ സ്മിത്തിന്റെ കരിയറിനെ മോശമായി തന്നെ ബാധിക്കുന്നുവെന്നാണ് സൂചന. വില്‍ സ്മിത്തിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കാനിരുന്ന ഫാസ്റ്റ് ആന്റ് മൂവ് എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സ് നിര്‍ത്തിവെച്ചെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിനായി തെരഞ്ഞെടുത്തിരുന്ന സംവിധായകന്‍ ഡേവിഡ് ലെച്ച് രണ്ടാഴ്ച മുമ്പാണ് പ്രോജക്റ്റില്‍ നിന്നും ഒഴിവായത്.
പുതിയൊരു സംവിധായകനെ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു നെറ്റ്ഫ്‌ലിക്‌സ്. എന്നാല്‍ ഓസ്‌കാര്‍ ചടങ്ങിലെ വില്‍ സ്മിത്തിന്റെ മുഖത്തടി ആഗോള തലത്തില്‍ വിവാദമായതോടെ പ്രോജക്റ്റ് മാറ്റി വെച്ചിരിക്കുകയാണെന്നാണ് സൂചന.മുഖത്തടി വിവാദമായതോടെ ഓസ്‌കാര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് വില്‍ സ്മിത്ത് രാജി വെച്ചിരുന്നു. അവതാരകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു രാജി പ്രഖ്യാപനം.സംഭവുമായി ബന്ധപ്പെട്ട് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വില്‍ സ്മിത്ത് അറിയിച്ചു. ഓസ്‌ക്കാര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.