ഇസ്ലാമാബാദ്: കൊലപാതകക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട അംഗപരിമിതനായ കുറ്റവാളിയെ പാകിസ്ഥാന്‍ തൂക്കിലേറ്റുന്നു. ജയിലിലായ ശേഷം രോഗം വന്ന് അരയ്ക്കു കീഴെ തളര്‍ന്ന അബ്ദുല്‍ ബാസിത്(43)നെയാണ് ബുധനാഴ്ച തൂക്കിലേറ്റുന്നത്.
തൂക്കിക്കൊലയ്ക്കുള്ള വിലക്ക് കഴിഞ്ഞവര്‍ഷം നീക്കിയശേഷം പാകിസ്ഥാനില്‍ തൂക്കിലേറ്റപ്പെടുന്ന 300-ാമത്തെ കുറ്റവാളിയാണിയാളെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇത് മൂന്നാംതവണയാണ് ബാസിതിന്റെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കുന്നത്. ജൂലായ് 29, സപ്തംബര്‍ 22 തീയതികളില്‍ തീരുമാനിച്ചിരുന്ന വധശിക്ഷ നടപ്പാക്കല്‍ മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു.
ഇത്തവണയും ശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശകമ്മിഷന്‍ അധ്യക്ഷന്‍ സോറ യൂസുഫ് തിങ്കളാഴ്ച പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്. 2009 മെയിലാണ് ബാസിതിനെ ജയിലിലടച്ചത്.