ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവൻ നിർമ്മൽ കുമാറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഇരുവരേയും രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ഷാരോണിന് നൽകിയ കഷായത്തിൽ കലർത്തിയ വിഷത്തിന്റെ കുപ്പി കണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനുശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. കൊലപാതകം ആസൂത്രണം ചെയ്തത് ഗ്രീഷ്മ ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതേസമയം പൊലീസ് സ്റ്റേഷനിൽ വെച്ച് ശുചിമുറിയിലെ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഗ്രീഷ്മയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ആത്മഹത്യാശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഗ്രീഷ്മക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്. സുരക്ഷാ വീഴ്ച വരുത്തിയതിന് നെടുമങ്ങാട് സ്റ്റേഷനിലെ രണ്ടു വനിതാ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

 

Top