Paravgoor-tragedy-oommen chandy

oommen chandy

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സ്വകാര്യ ആശുപത്രികളും ചികിത്സ സൗജന്യമാണ്. സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് ചില ആശുപത്രികളില്‍ സൗജന്യ ചികിത്സ നിഷേധിച്ചതായുള്ള പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വെടിക്കെട്ട് അപകടത്തിലാണ് പരിക്കേറ്റതെന്ന കാര്യം അറിയിക്കാതിരുന്നതിനാലാണ് ആശുപത്രികള്‍ പണം വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരില്‍ നിന്നെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. അപകടം നടന്ന ഞായറാഴ്ച തന്നെ 20 കോടി രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്ക് സഹായധനം അനുവദിച്ച കേന്ദ്ര സര്‍ക്കാരിനും അപകടം ഉണ്ടായ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് പൊലീസീനും ഫയര്‍ഫോഴ്‌സിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

പരവൂര്‍ പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 14ന് ഉച്ചയ്ക്ക് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top