കൊല്ലം : 109 പേരുടെ മരണത്തിനിടയാക്കിയ പരവൂരിലെ നിയമവിരുദ്ധ വെടിക്കെട്ടിന് പോലീസ് മൗനാനുമതി നല്‍കിയതിനു പിന്നില്‍ ഉന്നത ഇടപെടല്‍.
6-ാം തീയതി സിറ്റി പോലീസ് കമ്മീഷണര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നടക്കുന്നത് മത്സര കമ്പമാണെന്നും ഒരു കാരണവശാലും അനുമതി നല്‍കരുതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇതേ ഓഫീസര്‍ തന്നെ 9-ാം തീയതി നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ ദേവി വഴിപാടിനായി നടത്തുന്ന വെടിക്കെട്ടിന് ഫയര്‍ ഫോഴ്‌സിന്റെയും മറ്റും സാന്നിദ്ധ്യത്തില്‍ നിയന്ത്രണ വിധേയമായി അനുമതി നല്‍കാവുന്നതാണെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ക്ഷേത്രം ഭാരവാഹികള്‍ക്കായിരിക്കുമെന്നും വ്യക്തമാക്കിയത് ഉന്നതനായ ഒരു ഐ.പി.എസ് ഓഫീസറുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ ഭരണകക്ഷി നേതാവ് ഭരണതലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി എന്ന ആക്ഷേപം നിലനില്‍ക്കെയാണ് സിറ്റി പോലീസ് കമ്മീഷണറെയും ലോക്കല്‍ പോലീസിനെയും സമ്മര്‍ദ്ദത്തിലാക്കിയ ഉന്നത ഐ.പി.എസു കാരന്റെ ഇടപെടലും ഇപ്പോള്‍ പുറത്തുവരുന്നത്.
സാധാരണ ഗതിയില്‍ വഴിവിട്ട ഒരു കാര്യത്തിനും കൂട്ടുനില്‍ക്കാത്ത കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഏല്‍ക്കാതെ വന്നപ്പോള്‍ ഭരണ പക്ഷത്തിന് വളരെ വേണ്ടപ്പെട്ട എ.ഡി.ജി.പി റാങ്കില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവത്രേ.
നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണവിധേയമായി അനുമതി നല്‍കാവുന്നതാണെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ നിര്‍ബന്ധിക്കപ്പെട്ടത് ഈ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ജില്ലാ ഭരണകൂടം ഈ റിപ്പോര്‍ട്ടും അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പിന്നീട് ‘മൗനാനുവാദം’ നല്‍കുന്നതായിരുന്നുവത്രെ. വാക്കാല്‍ അനുമതി നല്‍കിയെന്ന് ക്ഷേത്രം ഭാരവാഹികള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന പോലീസിന്റെ വാദം തള്ളി ജില്ലാ കളക്ടര്‍ ഷൈനമോള്‍ രംഗത്ത് വന്നത് പോലീസിന് വന്‍ തിരിച്ചടിയായിട്ടുണ്ട്.
സ്ഥലവാസികളുടെ പരാതിയില്‍ നടത്തിയ പരിശോധനയില്‍ വെടിക്കെട്ടിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാരും സിറ്റി പോലീസ് കമ്മീഷണറും നല്‍കിയ റിപ്പോര്‍ട്ട് നിലനില്‍ക്കെ ഒരാഴ്ചക്കിടെ രണ്ട് റിപ്പോര്‍ട്ട് നല്‍കിയ കമ്മീഷണറുടെ നടപടി എന്ത് അടിസ്ഥാനത്തിലാണെന്ന് തുറന്നടിച്ച ജില്ലാ കളക്ടര്‍ രണ്ട് റിപ്പോര്‍ട്ട് നല്‍കിയതിന് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കമ്മീഷണര്‍ കളക്ടര്‍ക്കും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനും നല്‍കുന്ന വിശദീകരണം ഈ കേസില്‍ നിര്‍ണ്ണായകമാവും. തന്റെ മേല്‍ വന്ന സമ്മര്‍ദ്ദം എവിടെ നിന്നൊക്കെയായിരുന്നുവെന്ന് കമ്മീഷണര്‍ വ്യക്തമാക്കുമോ എന്നാണ് ഇപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉറ്റു നോക്കുന്നത്.
സര്‍വ്വീസില്‍ ക്ലീന്‍ ഇമേജ് മാത്രമുള്ള പ്രകാശിന് മേല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത തരത്തില്‍ സമ്മര്‍ദ്ധമുണ്ടായതിനാലായിരിക്കണം. ആദ്യ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നാണ് പോലീസിലെ പ്രബല വിഭാഗം സംശയിക്കുന്നത്.
അതേസമയം നിയമവിരുദ്ധ വെടിക്കെട്ട് തടയാന്‍ ചുമതലപ്പെട്ട പോലീസിനെ സാക്ഷിയാക്കി വെടിക്കെട്ട് നടക്കുകയും വന്‍ ദുരന്തമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ പോലീസില്‍ കൂട്ട നടപടിക്ക് കളമൊരുങ്ങിയിട്ടുണ്ട്.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നവര്‍ പോലീസിനെ ‘നിര്‍വീര്യമാക്കിയ’ ഇടപെടല്‍ നടത്തിയവര്‍ക്കെതിരെയും കടുത്ത നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
കടമ ‘മറക്കാന്‍’ പോലീസിനെ പ്രേരിപ്പിച്ച ഉന്നതരെയാണ് ആദ്യം പുറത്തുകൊണ്ടു വരേണ്ടത് എന്ന അഭിപ്രായമാണ് ഇപ്പോള്‍ ശക്തമാവുന്നത്.
കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നവര്‍ക്ക് എന്ന പോലെ തന്നെ അതിനു പ്രേരിപ്പിക്കുന്നവരും നിയമത്തിന് മുന്നില്‍ വലിയ കുറ്റവാളികള്‍ തന്നെയാണെന്നാണ് നിയമ വിദഗ്ധരും ചൂണ്ടാക്കാണിക്കുന്നത്.
സാധാരണ വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്ത പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പരവൂരില്‍ ഉപയോഗിച്ചതായി തെളിഞ്ഞതിനാല്‍ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് അറിയുന്നത്.
ഇതിനിടെ വെടിക്കെട്ടിന് അനുമതി നല്‍കിയതിനു പിന്നില്‍ ഉന്നത ഇടപെടല്‍ നടന്നതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിട്ടുണ്ട്.
സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കുന്നതാണ് വിഎസിന്റെ നടപടി.