കൊച്ചി: പറവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ ഇരകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. എത്രയും വേഗം ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം. ഇതില്‍ കാലതാമസം ഉണ്ടായാല്‍ കോടതി നേരിട്ട് ഇടപെടും. ഇതിനായി ട്രൈബ്യൂണല്‍ രൂപീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
പറവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്.
നഷ്ടപരിഹാര നിര്‍ണയം ഏതുവിധത്തില്‍ നടത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം തേടുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ദുരന്തനിവാരണസേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിരോധിച്ച സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ, പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ വിശദീകരിച്ച് എക്‌സ്‌പ്ലോസീവ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം.
കേസ് അനന്തമായി നീട്ടില്ല. ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.