തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് അയച്ചതില്‍ ആഭ്യന്തര സെക്രട്ടറിക്ക് അതൃപ്തി. തന്റെ പ്രതിഷേധം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനെ അറിയിച്ചു. പദവിയില്‍ തന്നേക്കാള്‍ താഴെയുള്ള ഡി.ജി.പിക്ക് സര്‍ക്കാര്‍ തന്റെ റിപ്പോര്‍ട്ട് അയച്ചത് ശരിയായില്ല. ഇതുസംബന്ധിച്ച് ഡി.ജി.പി. നല്‍കിയ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണ് താന്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. തെറ്റും ശരിയും കൃത്യമായി വിലയിരുത്തുന്നതാണ് തന്റെ റിപ്പോര്‍ട്ടെന്നും നളിനി നെറ്റോ വ്യക്തമാക്കി.
പരവൂര്‍ ദുരന്തത്തില്‍ പൊലീസിനെ രക്ഷിക്കാന്‍, സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വിവാദം. ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് സര്‍ക്കാര്‍ ഡി.ജി.പിയോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനാണെന്നാണ് ആരോപണം. ദുരന്തത്തില്‍ കലക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് നേരത്തേ ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.