paravoor – police report – kollam

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടു നിര്‍ത്തിവയ്ക്കാന്‍ പൊലീസ് ഏഴു പ്രാവശ്യം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.

ദുരന്തത്തിന് അരമണിക്കൂര്‍ മുന്‍പു വെടിക്കെട്ടിന്റെ തീ വീണു രണ്ടു പേര്‍ക്കു പരുക്കേറ്റപ്പോഴാണ് പൊലീസ് ഇടപെട്ടത്. സംഘാടകനും അനൗണ്‍സറുമായ ടി.എസ്. ലൗലിയെ പരവൂര്‍ എസ്‌ഐ: ജസ്റ്റിന്‍ ജോണ്‍ രണ്ടു തവണ വിളിച്ചു വെടിക്കെട്ടു നിര്‍ത്തണമെന്നു നിര്‍ദേശിച്ചു. ഈ ആവശ്യം ഉന്നയിച്ചു സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ നാലു പ്രാവശ്യം ലൗലിയെ വിളിച്ചു.

ദുരന്തം നടക്കുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് സിഐ: എസ്. ചന്ദ്രകുമാറും ലൗലിയെ വിളിച്ചു വെടിക്കെട്ടു നിര്‍ത്തണമെന്നു കര്‍ശന നിര്‍ദേശം നല്‍കി. ജസ്റ്റിന്‍ ജോണിന്റെ ഫോണിലാണ് സിഐ സംസാരിച്ചത്. ഫോണ്‍ വിളിയുടെ വിവരങ്ങള്‍ പരിശോധിച്ചശേഷം ക്രൈം ബ്രാഞ്ച് ലൗലിയെ ചോദ്യം ചെയ്യും.

വെടിക്കെട്ടിന് 8.20 ലക്ഷം രൂപയുടെ കരാറാണു നല്‍കിയിരുന്നത്. വര്‍ക്കല കൃഷ്ണന്‍കുട്ടിക്കും കഴക്കൂട്ടം സുരേന്ദ്രനും 4.10 ലക്ഷം രൂപ വീതമായിരുന്നു കരാര്‍. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് എന്ന രീതിയിലാണ് ആദ്യ കരാര്‍ ഒപ്പിട്ടത്. മല്‍സര വെടിക്കെട്ടിനായി രഹസ്യ കരാറിലും ഏര്‍പ്പെട്ടു.

വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോളെ സമീപിച്ചപ്പോള്‍ വിശദമായ റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശിന് അയച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പരവൂര്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണു കരാറുകളുടെ പകര്‍പ്പുകള്‍ ലഭിച്ചത്.

മല്‍സരവെടിക്കെട്ടാണു നടക്കുന്നതെന്നും അനുമതി നല്‍കരുതെന്നും പരവൂര്‍ പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ കരാറുകളുടെ കാര്യവും പറഞ്ഞിരുന്നു. കമ്മിഷണര്‍ ഇതു കലക്ടര്‍ക്കു കൈമാറി.

ഇതുകൂടി പരിഗണിച്ചാണു വെടിക്കെട്ട് നിരോധിച്ചു കലക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്‌സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തഹസില്‍ദാര്‍ എന്നിവര്‍ വെടിക്കെട്ടിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി.

വെടിക്കെട്ടു നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് എട്ടിനു വൈകിട്ടാണു പുറത്തിറങ്ങിയതെങ്കിലും ഇക്കാര്യം നേരത്തെ ക്ഷേത്രഭാരവാഹികള്‍ അറിഞ്ഞിരുന്നു.

അതുകൊണ്ടാണ് അന്ന് ഉച്ചയ്ക്കു രണ്ടിന് കലക്ടറേറ്റില്‍ എത്തിയതെന്നു കസ്റ്റഡിയിലുള്ള ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. കലക്ടറുമായി സംസാരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് കൊണ്ടുവന്നാല്‍ പുനഃപരിശോധിക്കാമെന്നു വാക്കാല്‍ ഉറപ്പു നല്‍കി. ഇതനുസരിച്ചാണ് പരവൂര്‍ സിഐയെ വീണ്ടും കണ്ടത്.

മല്‍സരം ഒഴിവാക്കി ആചാരപരമായി വെടിക്കെട്ടു നടത്താമെന്നും നിയമവിധേയമായിരിക്കണമെന്നും സിഐ ആവര്‍ത്തിച്ചു. ഈ കത്തുമായാണ് ഒന്‍പതിനു ക്ഷേത്രഭാരവാഹികള്‍ കലക്ടറേറ്റില്‍ എത്തിയത്.

അന്നു ഷൈനാമോള്‍ തിരുവനന്തപുരത്തും എഡിഎം: എസ്. ഷാനവാസ് എറണാകുളത്തുമായിരുന്നു. ഷാനവാസിന്റെ ഓഫിസിലെ ജീവനക്കാരിയെ ക്ഷേത്രഭാരവാഹികള്‍ റിപ്പോര്‍ട്ട് ഏല്‍പ്പിച്ചശേഷം മടങ്ങി.

എട്ടിനു ക്ഷേത്രഭാരവാഹികള്‍ കലക്ടറുടെ ചേംബറില്‍ എത്തിയോയെന്ന് അറിയാന്‍ അവിടത്തെ സിസി ടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

Top