കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ആറ് ക്ഷേത്ര ഭാരവാഹികള്‍ കീഴടങ്ങി. പ്രസിഡന്റ് പി.എസ്.ജയലാല്‍, സെക്രട്ടറി ജെ. ക!ഷ്ണന്‍ കുട്ടിപ്പിള്ള, ശിവപ്രസാദ്, രവീന്ദ്രന്‍ പിള്ള, രാജേന്ദ്രന്‍പിള്ള എന്നിവര്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ കീഴടങ്ങിയിരുന്നു. സുരേന്ദ്രനാഥപിള്ള ഇന്നു രാവിലെ ചാത്തന്നൂര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇന്നലെ കീഴടങ്ങിയ അഞ്ചുപേരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.
അതേസമയം, രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 109 ആയി. തിരുവനന്തപുരത്തും കൊല്ലത്തുമായി 14 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പരുക്കേറ്റ 15 പേര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചു.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മല്‍സര വെടിക്കെട്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കളാണ് വെടിക്കെട്ടിന് ഉപയോഗിച്ചതെന്നും കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യവെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ദക്ഷിണകേരളത്തിലെ ഏറ്റവും വലിയ കമ്പക്കെട്ടിന് കരാറേറ്റെടുത്തത് കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയുമാണ്. ഇവര്‍ നേതൃത്വം നല്‍കിയ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിക്കെട്ട് മല്‍സരമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. സമൂഹ മാധ്യമങ്ങളെ ഉള്‍പ്പടെ പ്രയോജനപ്പെടുത്തി ക്ഷേത്രഭാരവാഹികള്‍ മല്‍സരക്കമ്പത്തിന് പ്രചാരണം നല്‍കിയിരുന്നു.
മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കളാണ് വെടിക്കെട്ടിന് ഉപയോഗിച്ചതെന്ന് കസ്റ്റഡിയിലെടുത്തവര്‍ പൊലീസിന് മൊഴിനല്‍കി. സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണം രണ്ടാഴ്ച മുമ്പ് വെഞ്ഞാറംമൂടിന് സമീപം ചമ്പക്കുഴിയില്‍ ആരംഭിച്ചിരുന്നു. കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ക്രൈംബ്രാഞ്ചിന് കൈമാറി. കരാറുകാരില്‍ ഒരാളായ സുരേന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.