കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേര്‍ക്ക് ഏഴ് ലര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍, പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ് (48),പെണ്‍കുട്ടിയെ പീഡിപ്പിച്ച ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി (44), ഇടനിലക്കാരായ ചെങ്ങമ്മനാട് പുറയാര്‍ പൈനേടത്ത് സാദിഖ് (40) എന്നിവരെയാണ് ശിക്ഷിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് കേസ്. 2010 ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ മേത്തല അഞ്ചപ്പാലത്തെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്.
ബൈക്കില്‍ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂരില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. 32 സാക്ഷികളെയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത്.
നേരത്തെ എട്ട് ഘട്ടത്തിലായി നടന്ന വിചാരണയിലും മുഖ്യപ്രതി സുധീറിനെ കോടതി ശിക്ഷിച്ചിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിനുവേണ്ടി ഹാജരായിരുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി. മോഹന്‍ മേനോന്‍ ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
പുതുതായി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയ 11 കേസുകള്‍ വിചാരണയ്ക്ക് കോടതി വരും ദിവസങ്ങളില്‍ പരിഗണിക്കും. എന്നാല്‍ പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തിന് ശേഷമേ വിചാരണ നടപടി തുടങ്ങുകയുള്ളൂ.