കൊല്ലം: തെളിവുശേഖരണത്തിനാണ് പ്രഥമപരിഗണനയെന്ന് കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന എഡിജിപി എസ്.അനന്തകൃഷ്ണന്‍.
വെടിക്കെട്ടിനു നിയമവിരുദ്ധമായ വസ്തുക്കള്‍ ഉപയോഗിച്ചോയെന്ന് പരിശോധിക്കും. വെടിക്കെട്ട് കരാറുകാരന്‍ അടക്കം ആറുപേരെ നിലവില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഫൊറന്‍സിക്, ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണസമിതിയിലെ 15 പേര്‍ക്കും വെടിക്കെട്ട് കരാറുകാര്‍ക്കുമെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പടക്കനിര്‍മാണശാലയിലെ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
പൊളളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുളള കരാറുകാരന്‍ സുരേന്ദ്രന്റെ നില അതീവഗുരുതരമാണ്. 90 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ ഡയാലിസിസിനു വിധേയനാക്കി.
ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ പടക്കക്കച്ചവടകേന്ദ്രങ്ങളിലും വെടിക്കെട്ട് സ്ഥലങ്ങളിലും ഇന്നും പരിശോധന തുടരും.