paravoor – temple – police commisioner – report

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട് നടക്കുമെന്നും ദുരന്തസാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കികൊണ്ടുള്ള പരവൂര്‍ എസ്ഐ ജസ്റ്റിന്‍ ജോണ്‍ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്.

ദുരന്തം നടക്കുന്നതിന് മുന്‍പ് കഴിഞ്ഞ മാസം 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തായത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിറ്റി പൊലീസ് കമ്മീഷണറടക്കമുള്ള പൊലീസുകാര്‍ മത്സരകമ്പം നടത്താന്‍ എല്ലാ സൗകര്യവുമൊരുക്കി നല്‍കിയത്.

പുറ്റിങ്ങലില്‍ അപകട സാധ്യതയുണ്ടെന്നും ആള്‍നാശവും വന്‍ നാശനഷ്ടവും വരെ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പു നല്‍കുന്നതാണ് റിപ്പോര്‍ട്ട്.

കമ്പം നടത്താന്‍പോകുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ചുറ്റിനും താമസിക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന്റേയും വില്ലേജ് ഓഫീസറുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു എസ്ഐയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ക്ഷേത്ര കമ്മിറ്റിയും കരാറുകാരായ അനാര്‍ക്കലിയും ഉമേഷ്‌കുമാറുമായും തമ്മിലുണ്ടാക്കിയ കരാറിന്റെ പകര്‍പ്പും മത്സര കമ്പം നടക്കുമെന്നതിന്റെ തെളിവായി സമര്‍പ്പിച്ചിരുന്നു.

ക്ഷേത്രാചാര പ്രകാരമുള്ള കരിമരുന്നു പ്രയോഗം പോലും നിശ്ചിത അളവിലും സമയത്തും നിയമം പാലിച്ച് കണ്‍ട്രോളര്‍ ഓഫ് എക്സപ്ലോസീവിന്റെ മേല്‍നോട്ടത്തില്‍ നത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

കമ്പത്തിനു അനുമതി നല്‍കരുതെന്ന എസ്ഐയുടെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലകളക്ടറും അനുമതി നിഷേധിച്ചത്. സ്ഥലം എസ്ഐ തന്നെ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടുണ്ടായിട്ടും ഇത് മറികടന്നാണ് ജില്ല പൊലീസ് മേധാവി അടക്കമുള്ളവര്‍ മത്സര കമ്പത്തിന് ഒത്താശ നല്‍കിയത്.

Top