Paravoor-tragedy-

കൊല്ലം: പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്. നിരോധിത രാസവസ്തു വന്‍തോതില്‍ ഉപയോഗിച്ചതായും ദൂരപരിധി പാലിച്ചില്ലെന്നും ബാരലുകള്‍ ഉപയോഗിച്ച രീതിയില്‍ പിഴവുണ്ടായെന്നും റിപ്പോര്‍ട്ട്.

ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വന്‍ തോതില്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സ്‌പ്ലോസീവ് ആക്ട് പൂര്‍ണമായും ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം വെടിക്കെട്ട് നടക്കുന്ന സ്ഥലവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തമ്മില്‍ 100 മീറ്റര്‍ ദൂരമുണ്ടായിരിക്കണം. എന്നാല്‍, ഇവിടെ അത് പാലിക്കപ്പെട്ടിരുന്നില്ല. തകര്‍ന്ന കെട്ടിടവും വെടിക്കെട്ട് നടന്ന സ്ഥലവും തമ്മില്‍ ഏതാനും മീറ്റര്‍ അകലം മാത്രമേ ഉള്ളു.

മാത്രമല്ല ബാരലുകള്‍ ഉപയോഗിച്ച രീതിയിലും പിഴവുണ്ടായി. ബാരലുകള്‍ പകുതിയോളം മണ്ണില്‍ കുഴിച്ചിടണമെന്നാണ് നിയമം. എന്നാല്‍, പരവൂരില്‍ അതും ലംഘിക്കപ്പെട്ടു. കുഴിച്ചിട്ട ബാരല്‍ ചെരിഞ്ഞിരുന്നു. ഇത്തരത്തില്‍ ചെരിഞ്ഞ ബാരലാണ് അപകടം ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top