Paravoor-VVIP-visit-against-health-department

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പെട്ടെന്നുളള സന്ദര്‍ശനത്തിന് എതിരെ വിമര്‍ശനവുമായി ആരോഗ്യ വകുപ്പും. വിവിഐപി സാന്നിധ്യം തങ്ങളുടെ ചികിത്സ തടസപ്പെടുത്തിയെന്നും, പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേരാണ് വാര്‍ഡുകളിലേക്ക് കയറിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇന്നലെ ഡിജിപി സെന്‍കുമാറും പ്രധാനമന്ത്രിയുടെ പെട്ടെന്നുളള സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ഡിജിപിയുടെ വാദത്തെ തള്ളി നരേന്ദ്രമോഡി വന്നത് തങ്ങള്‍ക്ക് ആശ്വാസമായെന്ന പരാമര്‍ശവുമായി മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും രംഗത്ത് വന്നിരുന്നു.

ദുരന്തത്തില്‍ ദേഹമാസകലം പൊള്ളലേറ്റവര്‍ ഉള്ള ഐസിയുവിലേക്ക് പ്രധാനമന്ത്രിയും, രാഹുല്‍ ഗാന്ധിയും അടക്കമുളളവര്‍ പ്രവേശിച്ചെന്നും, ഈ സമയത്ത് ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് പുറത്തുനില്‍ക്കേണ്ടി വന്നെന്നും ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ ആര്‍. രമേശ് വ്യക്തമാക്കുന്നു. ഇവരുടെ സന്ദര്‍ശനത്തെ അല്ല, മറിച്ച് ഇവര്‍ വന്നപ്പോള്‍ കൂടെ എത്തുന്ന നൂറോളം പേര്‍ എല്ലായിടത്തും ഇടിച്ചുകയറുന്നത് ചികിത്സയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

90 ശതമാനം വരെ പൊള്ളലേറ്റവര്‍ കിടക്കുന്ന സ്ഥലത്താണ് വിവിഐപികള്‍ വന്ന് സന്ദര്‍ശനം നടത്തിയത്. ഡോക്റ്റര്‍മാരെ സംബന്ധിച്ചും, രോഗികളെ സംബന്ധിച്ചും നിര്‍ണായക നിമിഷങ്ങളാണ് അതെന്നും, ആ സമയത്താണ് വിവിഐപികളുടെ സന്ദര്‍ശനം മൂലം പല ഡോക്ടര്‍മാര്‍ക്കും പുറത്തിറങ്ങി നില്‍ക്കേണ്ടി വന്നതെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റവരെ എത്തിച്ചുകൊണ്ടിരുന്ന സര്‍ജിക്കല്‍ വാര്‍ഡിലെ നഴ്‌സുമാരോട് അരമണിക്കൂറോളം പുറത്തുനില്‍ക്കാനാണ് പ്രധാനമന്ത്രിയുടെ കൂടെയുളള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതാകട്ടെ ചികിത്സയെ സാരമായി ബാധിക്കുകയും ചെയ്തു.

ഇന്നലെ ഡിജിപി സെന്‍കുമാര്‍ പ്രധാനമന്ത്രിയുടെ പെട്ടെന്നുളള സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. ദുരന്ത സ്ഥലത്ത് പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സമയത്ത് അദ്ദേഹം എത്തുന്നതിനാല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടി വരുമെന്നും ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ആയിരുന്നു ഡിജിപി എതിര്‍പ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി അപകട ദിവസം തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ തീരുമാനിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് തങ്ങള്‍ സുരക്ഷ ഒരുക്കുകയും ചെയ്‌തെന്നാണ് ഡിജിപി സെന്‍കുമാര്‍ ഇന്നലെ അറിയിച്ചത്.

Top