കൊല്ലം: പ്രസവശേഷം ആശുപത്രിയില്‍ നിന്നു മാറികൊടുത്ത നവജാത ശിശുക്കളെ ഡിഎന്‍എ പരിശോധനയിലൂടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. കുഞ്ഞുങ്ങളെ മാസങ്ങള്‍ക്കു ശേഷമാണ് യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് ലഭിച്ചത്.
കൊല്ലം മയ്യനാട് സ്വദേശികളായ അനീഷ് റംസി ദമ്പതികളുടെയും ഉമയനെല്ലൂര്‍ സ്വദേശികളായ നൗഷാദ് ജസീറ ദമ്പതികളുടെയും കുഞ്ഞുങ്ങളാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം പരസ്പരം മാറിപ്പോയത്.
കഴിഞ്ഞ ഓഗസ്റ്റ് 22നു മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനു ശേഷം അമ്മമാര്‍ക്ക് കുട്ടികളെ മാറി നല്‍കുകയായിരുന്നു. രക്തഗ്രൂപ്പില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ഡിഎന്‍എ പരിശോധനകളും രക്തസാമ്പിളുകളുടെ പരിശോധനകളും നടത്തിയാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
ആശുപത്രി അധികൃതര്‍ പിഴവ് അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടാണ് കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്.
ഓഗസ്റ്റ് 22നു രാവിലെയാണ് റംസിയും ജസീറയും കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. ഒരേ സമയത്തു നടന്ന പ്രസവമായതിനാല്‍ കുഞ്ഞുങ്ങളെ മാറിപ്പോകാതിരിക്കാന്‍ കുട്ടിയെ പൊതിയാന്‍ വാങ്ങിക്കൊടുത്ത ടവ്വലില്‍ അടയാളം വച്ചിരുന്നു.
റംസിയുടെ പേരെഴുതി ടാഗൊട്ടിച്ച പച്ച ടവ്വലും ജസീറയുടെ കുഞ്ഞിന് മഞ്ഞ ടവ്വലും വാങ്ങി നല്‍കി. എന്നാല്‍, കുട്ടികളെ ലഭിച്ചപ്പോള്‍ റംസിക്ക് മഞ്ഞ ടവ്വലും ജസീറയ്ക്ക് പച്ച ടവ്വലുമാണ് ഉണ്ടായിരുന്നത്.
ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ടവ്വല്‍ മാറിപ്പോയതാണെന്നു മറുപടി നല്‍കുകയും ചെയ്തു. കുഞ്ഞിനെ മാറിയെന്ന് റംസയുടെ മാതാവ് സുബൈദ ചെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. നാലു ദിവസം കഴിഞ്ഞ റംസി കുഞ്ഞുമായി പോയി.
കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കുറിച്ചിരുന്നത്. എന്നാല്‍ പ്രതിരോധ കുത്തിവെയ്പ്പിനായി ചെന്നപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ ഗ്രൂപ്പ് എ പോസിറ്റീവ് എന്നു കണ്ടതു മുതലാണ് സംശയം തോന്നിയത്.
പിന്നീട് ആശുപത്രിയെ സമീപിച്ചപ്പോള്‍ അവര്‍ കയ്യൊഴിഞ്ഞതിനാല്‍ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആശുപത്രിയെ വിളിച്ചു വരുത്തി ഡിഎന്‍എ പരിശോധന ആവശ്യപ്പെടുകയായിരുന്നു.
ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡിഎന്‍എ എടുത്തുള്ള പരിശോധനയും പിന്നീട് രക്തസാമ്പിളുകളുടെ പരിശോധനയും നടത്തി. ഇതോടെ ഇരുദമ്പതികളുടെയും യഥാര്‍ത്ഥ കുഞ്ഞുങ്ങള്‍ ഏതാണെന്ന് മനസ്സിലായി. ഇരുവരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വെച്ചു തന്നെ കുഞ്ഞുങ്ങളെ പരസ്പരം കൈമാറി. ആശുപത്രിക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.