അടിമാലി: മാതാപിതാക്കളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഒമ്പത് വയസ്സുകാരന്‍ നൗഫലിനെയും സഹോദരങ്ങളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന സ്വതര്‍ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികളെ താമസിപ്പിക്കും.
ഗുരുതരമായി പരുക്കേറ്റ നൗഫലിന്റെ ചികിത്സ പൂര്‍ത്തിയായ ശേഷം കുട്ടികളെ ഇങ്ങോട്ട് മാറ്റാനാണ് തീരുമാനം.
പോലീസ് നടപടി പൂര്‍ത്തിയാകുംവരെ കുട്ടിയുടെ അമ്മ സെലീനയെ സ്വതര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കും. കുട്ടികളെ ഏറ്റെടുക്കാന്‍ ബന്ധുക്കളില്‍ ആരെങ്കിലും തയ്യാറായാല്‍ കുട്ടികളെ കൈമാറാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
സെലീനയെ നാളെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്ളതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നീളുന്നത്.
കുട്ടികളുടെ പിതാവ് നസീറിനെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍നിന്ന് അനുമതി ലഭിച്ചാല്‍ ഇയാളെയും കസ്റ്റഡിയിലെടുക്കും.
കുട്ടികളുടെ മാതാപിതാക്കള്‍ കഞ്ചാവ് വില്‍പനക്കാരും കഞ്ചാവിന് അടിമകളുമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇവര്‍ക്കെതിരെ അടിമാലി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, ശരീര ഭാഗങ്ങളില്‍ പൊള്ളല്‍ ഏല്പിക്കല്‍ എന്നിവയാണ് വകുപ്പുകള്‍.
ജുവൈനല്‍ ആക്ട് പ്രകാരവും കേസുണ്ട്. മൂന്ന് മാസമായി മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് നൗഫല്‍ എറണാകുളം എ.ഡി.എം. സി.കെ. പ്രകാശിന് മൊഴി നല്‍കിയിരുന്നു.