ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് പുതുക്കിപ്പണിയാന്‍ മകനെ 10,000 രൂപയ്ക്ക് മാതാപിതാക്കള്‍ വിറ്റു

നാഗപട്ടണം : ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് പുതുക്കിപ്പണിയുന്നതിനായി 12 വയസുള്ള മകനെ മാതാപിതാക്കള്‍ 10,000 രൂപയ്ക്ക് വിറ്റു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

നാഗപട്ടണത്തിനടുത്ത് പണാന്‍ഗുഡി എന്ന സ്ഥലത്ത് ബി ചന്ദ്രു എന്നയാളുടെ കൃഷിഭൂമിയില്‍ കാലികളെ വളര്‍ത്തുന്നത് 12കാരനാണെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് എത്തിയ ഉദ്യോഗസ്ഥരാണ് ആണ്‍കുട്ടിയെ കണ്ടെത്തിയത്. 15 ദിവസമായി കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടിയെ ഡിസംബര്‍ 22 നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കുട്ടിയെ പൊലീസ് നാഗപട്ടണം സബ് കളക്ടര്‍ എ കെ കമല്‍ കിഷോറിന്റെ ഓഫീസില്‍ ഏല്‍പിക്കുകയായിരുന്നു.

ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബം വീട് പണിയുന്നതിനും മറ്റുമായാണ് തന്നെ ചന്ദ്രുവിന് വിറ്റതെന്ന് കുട്ടി കളക്ടറോട് പറഞ്ഞു. മാതാപിതാക്കള്‍ വിറ്റതിനെ തുടര്‍ന്ന് ചന്ദ്രുവിന്റെ തോട്ടത്തില്‍ അടിമവേല ചെയ്യുകയായിരുന്നു കുട്ടി.

കുട്ടിയെ നാഗപട്ടണത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഡിസംബര്‍ 24ന് കുട്ടിയെ മോചിപ്പിക്കുകയും തഞ്ചാവൂരിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തില്‍ ചന്ദ്രുവിനെതിരെ പൊലീസ് കേസെടുത്തു.

Top