ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് സമന്‍സ്. ചെന്നൈ മെട്രോപൊളിറ്റന്‍ കോടതിയുടെ നിര്‍ദേശ പ്രകാരം തമിഴ്നാട്ടിലെ ഫൊറന്‍സിക് വിഭാഗമാണ് സമന്‍സ് അയച്ചത്.
ഫാത്തിമയുടെ ഫോണ്‍ പരിശോധിക്കുന്നതിനായി ചെന്നൈയില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. കേസില്‍ ഏറ്റവും നിര്‍ണായക തെളിവാണ് ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ്.
കേസില്‍ ആരോപണ വിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെ ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്തു.
തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്കായി നല്‍കിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചിട്ടേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടാകുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.