കാലിഫോര്‍ണിയ: സ്വന്തം കുട്ടികളെ പോഷകാഹാരം നല്‍കാതെ വീടിനുള്ളിൽ കെട്ടിയിട്ട മാതാപിതാക്കൾ അറസ്റ്റിൽ. കാലിഫോര്‍ണിയയിലാണ് സംഭവം. 57കാരനായ ഡേവിഡ് അലന് ടര്‍പിനും 49കാരി ലൂയിസ് അന്ന ടര്‍പിനുമാണ് അറസ്റ്റിലായത്. ഇവരുടെ 13കുട്ടികളെയാണ് ഇത്തരത്തിൽ കെട്ടിയിട്ടിരുന്നത്.
പതിമൂന്ന് പേരിൽ ഒരാളായ 17കാരി വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തി പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ ഈ കുട്ടിയെ കണ്ടാൽ 10 വയസേ തോന്നുമായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ ഏഴുപേര്‍ മുതിര്‍ന്നവരാണെന്നും ,18 വയസിനും 29നും ഇടയിലുള്ളവരാണ് ഇവരെന്നും പൊലീസ് അറിയിച്ചു.
കുട്ടികൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടായിരുന്നത്. ഇവർക്ക് പോഷകാഹാരക്കുറവ് ഉള്ളതിനാൽ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാൽ അറസ്റ്റിലായ മാതാപിതാക്കൾ അവരുടെ ഈ പ്രവർത്തിയ്ക്ക് കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല.
ഇത്രയും വര്‍ഷം കുട്ടികളെ കെട്ടിയിട്ടതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. കുട്ടികള്‍ക്കെതിരെയുള്ള പീഢനകുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.