Paris attacks a reaction to US actions in Syria, Iraq: Azam Khan

ലഖ്‌നൗ: ആഗോള വന്‍ശക്തികളായ അമേരിക്കയുടേയും റഷ്യയുടേയും ചെയ്തികള്‍ക്കുള്ള മറുപടിയാണ് പാരീസ് ആക്രമണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. ഉത്തര്‍പ്രദേശിലെ ഒരു പൊതുപരിപാടിക്കിടയിലാണ് അസം ഖാന്റെ പരാമര്‍ശം. ആരാണ് തീവ്രവാദികളെന്ന് ചരിത്രം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരീസ് ആക്രമണത്തെ അപലപിക്കുന്നു. അതോടൊപ്പം എണ്ണസമ്പത്തുള്ള ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തിയ ആക്രമണങ്ങളേയും അപലപിക്കുന്നു. ആരാണ് ആദ്യം നിരപരാധികളെ കൊന്നൊടുക്കാന്‍ ആരംഭിച്ചതെന്ന് നമ്മള്‍ കാണാന്‍ ശ്രമിക്കണം. അതിന് ആരെല്ലാം പ്രതികാരം വീട്ടിയെന്നും. അത് അമേരിക്കയായാലും റഷ്യയായാലും മറ്റേത് സംഘടനയായാലും തെറ്റ് തന്നെയാണ്.

രാജ്യത്ത് പടരുന്ന തീയെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് ആരാണ് തീകൊളുത്തിയതെന്ന് ചിന്തിക്കാന്‍ നാം തയ്യാറാകണം. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചുവെങ്കില്‍ അത് നേരിടാനും തയ്യാറായിരിക്കണമെന്നും അസംഖാന്‍ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യക്ക് അപമാനമാണെന്നും ബി.ജെ.പി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇക്കാര്യത്തില്‍ മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടുണ്ട്.

തീവ്രവാദത്തെ അപലപിക്കേണ്ടതാണ്, ഒപ്പം അതിന് പിന്തുണ നല്‍കുന്നവരേയും ശിക്ഷിക്കണമെന്നാണ് ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ അഭിപ്രായപ്പെട്ടത്.

Top