പാരിസ്: ലോകത്തെ നടുക്കിയ പാരീസ് ആക്രമണത്തില്‍ ബറ്റാക്ലാന്‍ തീയേറ്ററില്‍ വെടിവയ്പ് നടത്തിയ മൂന്നാമത്തെ ഭീകരനെ തിരിച്ചറിഞ്ഞു. ഫ്രഞ്ച് പൗരനായ മുഹമ്മദ് അഗാദ് ആണ് മൂന്നാമന്‍. ആക്രമണത്തിന് പത്ത് ദിവസങ്ങള്‍ മുമ്പ് അഗാദിന്റെ അമ്മക്ക് വന്ന എസ്.എം.എസ് സന്ദേശമാണ് വഴിത്തിരിവുണ്ടാക്കിയത്. ഭീകരാക്രമണത്തിനിടെ അഗാദ് കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ മകന്‍ നവംബര്‍ 13ന് രക്തസാക്ഷിയാകും എന്നതായിരുന്നു എസ്.എം.എസിന്റെ ഉള്ളടക്കം. ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമന്‍ ആരാണെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ സൂചനകള്‍ പിന്തുടര്‍ന്നെത്തിയ അന്വേഷണ സംഘത്തിന് മുഹമ്മദ് അഗാദിന്റെ അമ്മ തന്റെ ഡിഎന്‍എ പരിശോധിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഗാദാണെന്ന് തെളിഞ്ഞു.
ബറ്റാക്ലാന്‍ തീയേറ്ററില്‍ ആക്രമണം നടത്തിയ രണ്ടു ഭീകരരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പാരീസ് സ്വദേശിയായ ഒമര്‍ ഇസ്മായ്ല്‍ മോസ്‌റ്റെഫയ് , വടക്കന്‍ പാരീസിലെ ഡ്രാന്‍സിയിലുള്ള സമി അമീമു എന്നിവരെയായിരുന്നു തിരിച്ചറിഞ്ഞിരുന്നത്.
നവംബര്‍ 13ന് വൈകിട്ട് ബറ്റാക്ലാനില്‍ നടന്ന ഭീകരാക്രമണത്തില്‍ 90 പേരാണു കൊല്ലപ്പെട്ടത്. ആറിടങ്ങളിലായി 130 പേര്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരാക്രമണങ്ങളില്‍ ഏറ്റവും ആള്‍ നാശം സംഭവിച്ചത് ബറ്റാക്ലാനിലായിരുന്നു.