കൊച്ചി: 130 പേര്‍ കൊല്ലപ്പെട്ട 2015ലെ പാരിസ് ഭീകരാക്രമണ കേസില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സിറിയയില്‍ ആയുധപരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്ദീനെ ഫ്രഞ്ച് പൊലീസ് സംഘം ഇന്ന് ചോദ്യം ചെയ്യും. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ചാണ് ചോദ്യം ചെയ്യുക.
പാരിസ് ഭീകരാക്രമണക്കേസില്‍ അന്വേഷണം നടത്താനായി മൂന്നു ദിവസമാണ് ഫ്രഞ്ച് പൊലീസ് ഇന്ത്യയില്‍ തങ്ങുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുമെന്നാണ് സൂചന. സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നാണ് വിവരം.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഇപ്പോള്‍ വിചാരണ തടവുകാരനാണ്. പാരിസ് അക്രമണക്കേസില്‍ അബ്ദുല്‍സലാമിന് പുറമെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.