പാരീസ്: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം റാഫേല്‍ നദാലിനെതിരെ ഉത്തേജകമരുന്ന് ആരോപണം ഉന്നയിച്ച ഫ്രഞ്ച് മുന്‍ കായികമന്ത്രി റോസ്ലിന്‍ ബഷ്‌ലോ 12,000 യൂറോ(ഏകദേശം 9.1 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് പാരീസ് കോടതി ഉത്തരവ്.
ബഷ്‌ലോയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന നദാലിന്റെ വാദത്തെ അംഗീകരിച്ച കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
2012ല്‍ നദാല്‍ ആറുമാസം പരിക്ക് അഭിനയിച്ച് കളത്തില്‍ നിന്നു വിട്ടുനിന്നത് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ബഷ്‌ലോ ആരോപിച്ചിരുന്നു.
ബഷ്‌ലോയുടെ ആരോപണം കരിയറിനെയും പരസ്യവരുമാനത്തെയും ബാധിച്ചു. അതുകൊണ്ട് ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു നദാല്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു.
നഷ്ടപരിഹാരതുക പൂര്‍ണമായും ഫ്രഞ്ച് ചാരിറ്റിക്ക് വേണ്ടി സംഭാവനം ചെയ്യും. മാധ്യമങ്ങളിലൂടെ കായിക താരങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന പ്രമുഖര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് തടയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നദാല്‍ പ്രസ്താവനയില്‍ പറഞ്ഞു.