പാരീസില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

പാരീസ്: പാരീസില്‍ മുസ്ലിം പള്ളിയുടെ പുറത്ത് കൂടിനിന്നവരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍.

പാരീസിലെ ക്രെറ്റിലിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം. അമേരിക്കന്‍ വംശജനാണ് ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ വാഹനം മോസ്‌കിനെ സംരക്ഷിക്കാനായി സ്ഥാപിച്ച തൂണുകളില്‍ തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

മോസ്‌കിനെ സംരക്ഷിക്കാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന വേലികളില്‍ ഇയാളുടെ വാഹനം തുടര്‍ച്ചയായി ഇടിക്കുകയായിരുന്നു. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പോകാന്‍ ശ്രമിക്കവേ വാഹനം അപകടപ്പെടുകയും ഇതേത്തുടര്‍ന്നു ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
car

എന്നാല്‍ അല്‍പസമയത്തിനകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ ആയിരുന്നില്ല. പാരീസിലുണ്ടായ ഇസ്ലാമിക് ബന്ധമുള്ള ആക്രമണങ്ങള്‍ക്ക് പകരംവീട്ടുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞു.

2015 നവംബറിലെ ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സില്‍ അടിയന്തരാവസ്ഥയാണ്. ഇതിനുശേഷം യൂറോപ്പില്‍ പലതവണ വാഹനം ഇടിച്ചുകയറ്റി ഭീകരര്‍ ആളുകളെ കൊലപ്പെടുത്തി. ജൂണ്‍ 19ന് ലണ്ടനിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Top