പാരീസ് : നെയ്മറിന്റെ വരവിനായി കാത്തിരിക്കുകയാണ് പാരീസ്.
ക്ലബ്ബില്‍ മറ്റൊരു ലാറ്റിനമേരിക്കക്കാരന്‍ ഹാവിയെര്‍ പാസ്‌തോറെ തന്റെ 10ാം നമ്പര്‍ കുപ്പായം വിട്ടുനല്‍കി നെയ്മറിന് വഴിയൊരുക്കിക്കഴിഞ്ഞു.
ബുധനാഴ്ച പരിശീലന ഗ്രൗണ്ടില്‍നിന്ന് ബാഴ്‌സയിലെ സഹതാരങ്ങളോട് വിടപറഞ്ഞ നെയ്മര്‍ അച്ഛനോടും ഏജന്റ് വാഗ്‌നെര്‍ റിബെയ്‌റോയോടുമൊപ്പം പാരീസിലേക്കു പറന്നതായും സൂചനയുണ്ട്.
മാത്രമല്ല, കരാര്‍വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി അധികം വൈകാതെതന്നെ പിഎസ്ജിയുടെ കുപ്പായത്തില്‍ നെയ്മര്‍ ഇറങ്ങിയേക്കും.
ശനിയാഴ്ച ഫ്രഞ്ച് ലീഗില്‍ ആദ്യമത്സരത്തിന് പിഎസ്ജി നിരയില്‍ നെയ്മറെ ആരാധകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുള്ള തിരക്കുപിടിച്ച നീക്കങ്ങളാണ് നടക്കുന്നത്. ഇതിമെ തുടര്‍ന്ന്, പിഎസ്ജിയുടെ തട്ടകമായ പാര്‍ക് ഡെ പ്രിന്‍സസിനു പുറത്ത് ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ പോള്‍ പോഗ്ബയെ യുവന്റസില്‍നിന്ന് ഓള്‍ഡ് ട്രഫോര്‍ഡിലേക്കെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെലവഴിച്ച 794 കോടി രൂപയുടെ റെക്കോഡാണ് നെയ്മറുടെ കൂടുമാറ്റത്തില്‍ തകരുന്നത്, 1668 കോടി രൂപ. ആഴ്ചയില്‍ നികുതിയൊഴികെ 5.85 കോടിയും വര്‍ഷത്തില്‍ 339 കോടിയും നെയ്മര്‍ക്ക് സ്വന്തമായി ലഭിക്കുമെന്നാണ് പ്രാഥമിക സൂചനകള്‍.
ആഴ്ചയിലെ വേതനത്തില്‍ അര്‍ജന്റീന താരം കാര്‍ലോസ് ടെവസായിരുന്നു ഇതുവരെ മുന്നില്‍. ചൈനീസ് ക്ലബ് ഷാങ്ഹായി ഷെന്‍ഹ്വ ടെവസിന് നല്‍കുന്നത് 4.6 കോടി. മെസിക്ക് ബാഴ്‌സയില്‍ നിന്ന് 3.37 കോടിയും, റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 2.75 കോടിയുമാണ് നല്‍കുന്നത്.
അതേസമയം പ്രിയപ്പെട്ട കൂട്ടുകാരനും സഹതാരവുമായ നെയ്മര്‍ക്ക് യാത്രാമംഗളം നേര്‍ന്ന് മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതിയിരുന്നു.
‘ഒരുമിച്ച് പങ്കിട്ട വര്‍ഷങ്ങള്‍ ഏറെ സന്തോഷം നിറഞ്ഞതായിരുന്നു, ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തില്‍ വിജയാശംസകള്‍ നേരുന്നു, വീണ്ടും കാണാം. ഒരുപാട് സ്‌നേഹം’. നെയ്മര്‍ക്ക് യാത്രാമംഗളം നേര്‍ന്ന് ബാഴ്‌സലോണയിലെ സഹതാരം മെസി കുറിച്ചു.
ബാഴ്‌സയില്‍ ഇരുവരും കളം പങ്കിട്ട നിമിഷങ്ങളുടെ പടങ്ങളും അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുവരും പുണര്‍ന്ന പടവും ചേര്‍ത്തുവച്ച വീഡിയോക്കൊപ്പമാണ് മെസിയുടെ കുറിപ്പ്. ഒരുപാട് നന്ദിയെന്ന് നെയ്മര്‍ വീഡിയോക്ക് മറുപടി നല്‍കി.