പാരീസ്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇപ്പോഴിതാ ഫ്രാന്‍സാണ് ജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി വിലക്കിയിരിക്കുന്നത്.
നേരത്തെ ഇറ്റലിയും സ്‌പെയ്‌നുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫ്രാന്‍സും രംഗത്ത് വന്നിരിക്കുന്നത്.
സ്‌കൂള്‍, കഫേ, കടകള്‍ എന്നിവയെല്ലാം ഫ്രാന്‍സില്‍ അടച്ചു. ഇന്ന് മുതല്‍ പുറത്തുനിന്നുള്ള വിദേശ യാത്രക്കാര്‍ക്കും ഫ്രാന്‍സിലേക്കുളള പ്രവേശനം വിലക്കും,മാത്രമല്ല അതിര്‍ത്തികള്‍ അടയ്ക്കാനുമാണ് തീരുമാനം.
രോഗികളെ ആശുപത്രികളിലേക്കെത്തിക്കാന്‍ സൈന്യം സഹായിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് മാക്രോണ്‍ വ്യക്തമാക്കി. ഇതുവരെ 148 പേരാണ് വൈറസ് ബാധയില്‍ ഫ്രാന്‍സില്‍ മരണപ്പെട്ടത്. 6633 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം,കൊറോണ കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ 19 പേര്‍ മരിക്കുകയും 2353പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോകത്താകമാനം നിലവില്‍ 7174പേരാണ് കൊറോണ വൈറസ് ബാധയില് മരണപ്പെട്ടത്. ഏറ്റവും കൂടുതല്‍മരണം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലാണ്, 3226 പേര്‍. ഇറ്റലിയില് 2158 പേരും മരണപ്പെട്ടു. 160ലേറെ രാജ്യങ്ങളിലായി 182,726 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.