ഡല്‍ഹി: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുമുമ്പ് പ്രവേശനം നേടിയവരില്‍നിന്ന് സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവുവെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് പ്രവേശനം കരസ്ഥമാക്കിയവര്‍ പിന്നീട് സര്‍ക്കാര്‍ ഫീസില്‍ പഠിക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ആവശ്യം തള്ളിയത്.
2017 – 18 അധ്യയന വര്‍ഷം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 23 വിദ്യാര്‍ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് മാത്രമേ തങ്ങളില്‍ നിന്നും ഈടാക്കണം എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ ആയിരുന്നപ്പോള്‍ ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ച ഉയര്‍ന്ന ഫീസിലാണ് ഈ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.