പാര്‍ക്കിന് സ്റ്റോപ് മെമ്മോ ലഭിച്ചിട്ടില്ല ; ജിദ്ദയില്‍ നിന്ന് സര്‍ക്കാരിനെ വെല്ലുവിളിച്ച് അന്‍വര്‍

Anwar

കോഴിക്കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ വിഭാഗം സ്റ്റോപ് മെമ്മോ നല്‍കി പൂട്ടിച്ച് കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഉടമസ്ഥനായി പി.വി അന്‍വര്‍ എം.എല്‍.എ ജിദ്ദയില്‍ പ്രതികരിച്ചു. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സ്റ്റോപ് മെമ്മോ ലഭിച്ചിട്ടില്ലെന്നും നിപ ഭീഷണികാരണമാണ് പാര്‍ക്ക് പൂട്ടിയതെന്നുമാണ് എം.എല്‍.എയുടെ പ്രതികരണം.

പാര്‍ക്കില്‍ കേവലം മണ്ണൊലിപ്പ് മാത്രമേയുള്ളൂവെന്നും പാര്‍ക്കിന്റെ 25 കിലോമീറ്റര്‍ അകലെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും ജിദ്ദയില്‍ സ്വകാര്യ ചാനലിനോടാണ് അന്‍വര്‍ പ്രതികരിച്ചത്.

പാര്‍ക്കിലെ പ്രധാനനീന്തല്‍ കുളത്തിനു താഴെയും ജനറേറ്റര്‍ കെട്ടിടത്തിനു താഴെയുമായി രണ്ടിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ 16ന് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നേരിട്ട് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. 17ന് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം സ്റ്റോപ്‌മെമ്മോ പാര്‍ക്ക് മാനേജര്‍ക്ക് കൈമാറി. പാര്‍ക്ക് മാനേജര്‍ സ്റ്റോപ് മെമ്മോ ഒപ്പിട്ടു കൈപ്പറ്റുകയും ചെയ്തു.

പാര്‍ക്കിന്റെ സമീപപ്രദേശങ്ങളിലായി കൂടരഞ്ഞി പഞ്ചായത്തിലെ ഒമ്പതിടത്ത് ഒരുള്‍പൊട്ടലുണ്ടായെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. ഈ വസ്തുതകളെല്ലാം തള്ളിക്കളഞ്ഞാണ് അന്‍വര്‍ പാര്‍ക്കില്‍ ഉരുള്‍പൊട്ടലില്ലെന്നും ഉടന്‍ തുറക്കുമെന്നും അറിയിച്ചത്. പാര്‍ക്കിന് പഞ്ചായത്ത് നല്‍കിയ മൂന്നു മാസത്തെ താല്‍ക്കാലിക ലൈസന്‍സിന്റെ കാലാവധി തീരാന്‍ കേവലം ആറു ദിവസം മാത്രമേ ബാക്കിയുള്ളൂ.

പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ വിവരം ജില്ലാ ഭരണകൂടവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതരും മറച്ചുവെക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഉരുള്‍പൊട്ടല്‍ വിവരം പുറംലോകത്തെ അറിയിച്ചത്.

12 ഏക്കറുള്ള പാര്‍ക്കിലെ പ്രധാന നീന്തല്‍ക്കുളത്തിനു താഴ്ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ പാറക്കഷ്ണങ്ങളും മരങ്ങളും കടപുഴകിവീണ് വെള്ളവും ചെളിയും കുത്തിയൊലിച്ച് മലമുകളില്‍ നിന്നും 200 മീറ്ററോളം താഴ്ചയില്‍ പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്യുന്ന കുളത്തില്‍ പതിച്ചിരിക്കുകയാണ്.

കുളത്തിന്റെ പകുതിയോളം ചെളിയും പാറയുമടിഞ്ഞ് മൂടിയിട്ടുണ്ട്. പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളുമെല്ലാം തകര്‍ന്നു. ജനറേറ്റര്‍ സ്ഥാപിച്ച കെട്ടിടത്തിന് സമീപത്തുനിന്നും വ്യാപകമായി മണ്ണിടിച്ച് കുത്തിയൊലിച്ച് താഴെയുണ്ടായിരുന്ന റോഡും പിളര്‍ന്നാണ് 160 മീറ്റര്‍ തീഴ്ചയിലേക്കു പതിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ മലയുടെ വശം ഇടിച്ച് നിര്‍മ്മിച്ച വാട്ടര്‍തീം പാര്‍ക്ക് ഇതോടെ ദുരന്തഭീതി വിതക്കുകയാണ്.

നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ഈ മാസം എട്ടിനാണ് അന്‍വര്‍ എം.എല്‍.എ ഗള്‍ഫിലേക്കു പോയത്. പാര്‍ക്കില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെടാതിരിക്കാന്‍ നാട്ടിലേക്കു മടങ്ങാതെ ഗള്‍ഫില്‍ തങ്ങുകയായിരുന്നു. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെയും സ്പീക്കര്‍പി. ശ്രീരാമകൃഷ്ണന്റെയും പൊതുപരിപാടികളിലും എം.എല്‍.എ എത്തിയിരുന്നില്ല. എം.എല്‍.എ എവിടെയാണെന്നത് പാര്‍ട്ടി നേതൃത്വത്തിനും അറിയില്ല. ഗള്‍ഫിലുള്ള എം.എല്‍.എ 26ന് മടങ്ങിയെത്തുമെന്നാണ് എം.എല്‍.എ ഓഫീസില്‍ നിന്നും ലഭിച്ച വിവരം.

Top