ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നില്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റ് ഉപരോധം നടത്തുന്നത് സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അഭിപ്രായ ഭിന്നത. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ സമരം അക്രമാസക്തമായ സാഹചര്യത്തില്‍ വീണ്ടുമൊരു സമരവുമായി ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ അതും അക്രമാസക്തമാവാനുള്ള സാധ്യതയാണ് സംഘടനയിലെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
കര്‍ഷക സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ സിംഘുവില്‍ ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരുന്നുണ്ട്. ഫെബ്രുവരി ഒന്നിന് നടക്കേണ്ട പാര്‍ലമെന്റ് മാര്‍ച്ചിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ട്രാക്ടര്‍ സമരത്തിനിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയവര്‍ സംഘപരിവാര്‍ ബന്ധമുള്ളവരാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കിസാന്‍ സംഘര്‍ഷ മോര്‍ച്ച എന്ന സംഘടനയാണ് അക്രമണത്തിന് പിന്നിലെന്നും ചിലര്‍ വ്യക്തമാക്കി. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ ദീപ് സിദ്ദു, നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമൊപ്പമുളള ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സമാധാനപരമായി സമരം നടത്താനാണ് സംയുക്ത സമരസമിതിയുടെ തീരുമാനമെന്ന് സമരസമിതി അംഗം പി ടി ജോണ്‍ പ്രതികരിച്ചു. റിപ്പബ്ലിക് ദിനത്തിന് തലേദിവസം ഉഗ്രഹാന്‍ എന്ന സംഘടന ചെങ്കോട്ടയില്‍ കേറുമെന്ന് പത്രസമ്മേളനം നടത്തിയിരുന്നു. അവരാണ് മൂന്നൂറോളം ട്രാക്ടറുകളുമായി പോലീസുമായുള്ള ധാരണ തെറ്റിച്ച് രാവിലെ 8.30ന് റാലി നടത്തിയത്. അവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കകത്തുള്ളവര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഇല്ല. ഫെബ്രുവരി ഒന്നിലെ പാര്‍ലമെന്റ് ഉപരോധം സംബന്ധിച്ച തീരുമാനം ഇന്നുണ്ടാവുമെന്ന് പിടി ജോണ്‍ പറഞ്ഞു.