പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; പ്രതികളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി : പാർലമെന്റിനുള്ളിൽ കടന്നുകയറി ആക്രമണം നടത്തിയ കേസിലെ നാലു പ്രതികളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യംചെയ്യലിനായാണ് കസ്റ്റഡിയിൽ വിട്ടത്. ലോക്സഭയ്ക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ (35), ലക്നൗ സ്വദേശി സാഗർ ശർമ (27), പാർലമെന്റ് ഗേറ്റിനു പുറത്ത് പുകക്കുറ്റികൾ കത്തിച്ചു മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25) എന്നിവരെയാണ് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.

നാല് പേർക്കെതിരെയും യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗുരുഗ്രാമിൽനിന്നു ഹിസാർ സ്വദേശി വിശാൽ ശർമ (വിക്കി) എന്നയാളെയും ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഗുരുഗ്രാമിൽ താമസമൊരുക്കിയ ലളിത് ഝായ്‌ക്കുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ പ്രവർത്തനരീതി ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്ന് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് കോടതിയിൽ പറഞ്ഞു. സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനയ്ക്കു പങ്കുണ്ടോയെന്ന് അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതികളുടെ കൈവശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാനുള്ള ലഘുലേഖകൾ ഉണ്ടായിരുന്നതായും പൊലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ സംഭവസമയം പ്രധാനമന്ത്രി സഭയിലുണ്ടായിരുന്നില്ല. പാർലമെന്റിനു പുറത്തുനിന്നവരുടെ കൈവശവും ലഘുലേഖകൾ ഉണ്ടായിരുന്നു. ‘പ്രധാനമന്ത്രിയെ കാണാതായെന്നും വിവരം നൽകുന്നവർക്ക് സ്വിസ് ബാങ്കിൽനിന്ന് പാരിതോഷികം നൽകും’ എന്ന് ഉൾപ്പെടെയാണ് ലഘുലേഖയിൽ കുറിച്ചിരുന്നത്.

പ്രതികൾ മുംബൈയിൽനിന്നാണ് പുക ചീറ്റുന്ന കുറ്റി (സ്മോക്ക് കാനിസ്റ്റർ) വാങ്ങിയതെന്നും ഇവ ഷൂസിനുള്ളിൽ വച്ചാണ് അകത്തുകൊണ്ടുവന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലക്നൗവിൽനിന്നാണ് ഷൂസ് വാങ്ങിയത്. തെളിവെടുപ്പിനായി മുംബൈയിലും ലക്നൗവിലും കൊണ്ടുപോകേണ്ടതിനാൽ 15 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴു ദിവസം അനുവദിക്കുകയായിരുന്നു.

പാർലമെന്റ് ആക്രമണത്തിന്റെ 22–ാം വാർഷിക ദിനത്തിലാണ് ലോക്സഭയിൽ 2 യുവാക്കൾ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അതീവ സുരക്ഷാ സന്നാഹങ്ങൾ മറികടന്നു പുതിയ പാർലമെന്റ് മന്ദിരത്തിൽ കയറിയ ഇവർ സഭ സമ്മേളിക്കവേ സന്ദർശക ഗാലറിയിൽനിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി (സ്മോക്ക് കാനിസ്റ്റർ) വലിച്ചു തുറന്ന് എറിയാൻ ശ്രമിക്കുകയും ചെയ്തു. സഭയിൽ പുക പരന്നു. ആദ്യത്തെ പരിഭ്രാന്തിക്കു ശേഷം എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ കീഴടക്കി. സംഭവത്തിൽ സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷണ നടത്തുന്നുണ്ട്.

Top