പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; പിന്നില്‍ ആറുപേരെന്ന് സൂചന, രണ്ടുപേര്‍ ഒളിവില്‍

ന്യൂഡല്‍ഹി : പാര്‍ലമെന്റിനുള്ളിലും പുറത്തുമുണ്ടായ അക്രമസംഭവങ്ങളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ആറുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സാഗര്‍, മനോരഞ്ജന്‍, നീലംദേവി, അമോല്‍ എന്നീ ഈ നാലുപേരെ കൂടാതെ മറ്റു രണ്ടുപേര്‍ കൂടി സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ അഞ്ചാമന്റെ പേര് ലളിത് ഝാ എന്നാണ്. ഇയാളുടെ ഗുഡ്ഗാവിലെ വീട്ടിലാണ് മറ്റ് അഞ്ചുപേരും താമസിച്ചിരുന്നത് എന്നാണ് വിവരം. ആറാമത്തെയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ രണ്ടുപേരും ഒളിവിലാണെന്നാണ് വിവരമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. ലോക്‌സഭയ്ക്കുള്ളില്‍ സാഗറും മനോരഞ്ജനും നടത്തിയ അതിക്രമത്തിന് തൊട്ടുമുന്‍പാണ്, പാര്‍ലമെന്റിന് പുറത്ത് നീലം ദേവിയും അമോല്‍ ഷിന്‍ഡേയും ചേര്‍ന്ന് ചുവപ്പും മഞ്ഞയും നിറമുള്ള പുക പരത്തിയതും മുദ്രാവാക്യങ്ങള്‍ മുഴക്കിയതും.

സാഗര്‍ ശര്‍മ, ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണെന്നും മനോരഞ്ജന്‍ മൈസൂരു സ്വദേശിയാണെന്നുമാണ് പ്രാഥമിക വിവരം. പാര്‍ലമെന്റിന് പുറത്ത് അക്രമം കാണിച്ചവരില്‍ നീലം ദേവി ഹരിയാണയിലെ ഹിസാര്‍ സ്വദേശിനിയാണെന്നും അമോല്‍, മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയും. ബി.ജെ.പിയുടെ മൈസൂരു എം.പി. പ്രതാപ് സിംഹയുടെ ഓഫീസില്‍നിന്ന് ലഭിച്ച പാസുകളാണ് സാഗറിന്റെയും മനോരഞ്ജന്റെയും കൈവശമുണ്ടായിരുന്നത്.

അതിനിടെ, തന്റെ ഓഫീസില്‍നിന്ന് അക്രമികള്‍ക്ക് പാസ് ലഭിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോക്‌സഭാ എം.പി. ഓം ബിര്‍ളയെ കണ്ട് വിശദീകരണം നല്‍കുമെന്ന് സിംഹ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ സാഗര്‍, മനോരഞ്ജന്‍, നീലംദേവി, അമോല്‍ എന്നിവരെ ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ ചോദ്യംചെയ്യുകയാണ്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ഒരുമിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം.

Top