കശ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പ്രമേയം പാസാക്കും: ഷെഹ്ബാസ് ഷെരീഫ്

ശ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പാര്‍ലമെന്റില്‍ പ്രമേയം പാസാക്കുമെന്ന് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അധികാരത്തിലേറിയ ശേഷം ആദ്യമായി ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഷെഹ്ബാസിന്റെ പരാമര്‍ശം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന്റെ (പിടിഐ) ഒമര്‍ അയൂബ് ഖാന്‍ 92 വോട്ടുകള്‍ നേടിയപ്പോള്‍ ഷെഹ്ബാസ് 201 വോട്ടുകള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

പിഎംഎല്‍-എന്‍ ഒഴികെ മറ്റ് ഏഴ് പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് ഷെഹ്ബാസ് വിജയം ഉറപ്പിച്ചത്. പാകിസ്താന്‍ സൈന്യത്തിന്റെ മൗനപിന്തുണയും ഷെഹബാസിന് ലഭിച്ചിരുന്നു.പിടിഐ അധികാരത്തിലിരുന്നപ്പോള്‍ പ്രതിപക്ഷത്തെ വേട്ടയാടുകയും രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സായുധ സേനയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെന്നും ഷെഹബാസ് ആരോപിച്ചു. എന്നാല്‍ തങ്ങള്‍ പ്രതികാര രാഷ്ട്രീയത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ഷെഹബാസ് പറഞ്ഞു.വിശ്വാസമര്‍പ്പിച്ചതിന് തന്റെ ജ്യേഷ്ഠനും മൂന്ന് തവണ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനും സഖ്യകക്ഷികള്‍ക്കും ഷെഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായിച്ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനമെന്നും 2030-ഓടെ ജി20 രാജ്യങ്ങളില്‍ അംഗമാകാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുമെന്നും ഷെഹബാസ് പറഞ്ഞു.

കടക്കെണിയിലായ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും ഭീകരവാദത്തെ ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചില ‘വലിയ കളി’കളുടെ ഭാഗമാക്കാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അയല്‍ക്കാരുമായി സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തുമെന്നും ഷെഹ്ബാസ് പറഞ്ഞു. പാകിസ്താന്റെ 24 -മത് പ്രധാനമന്ത്രിയായിട്ടാണ് ഷെഹബാസ് ഷെരീഫ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഷെഹബാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രിയാവുന്നത്.

Top