ന്യൂഡല്‍ഹി: കേരളത്തിന് ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍. ‘തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചത്.
വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അടിയന്തര പ്രേമയത്തിനു നോട്ടിസ് നല്‍കി. എല്‍പിജി വില കുതിച്ചുയരുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
അതേസമയം, 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.