അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം;ജയില്‍ ഹൈപവര്‍ കമ്മിറ്റി

കൊച്ചി: അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമല്ലെന്ന് വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചതെന്നും ഹൈപവര്‍ കമ്മിറ്റി ആരോപിക്കുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ പത്ത് വര്‍ഷത്തില്‍ താഴെ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് പരോള്‍ നിര്‍ദേശിച്ചത്. ഉത്തരവിന്റെ മറവില്‍ പ്രതികള്‍ക്ക് 90 ദിവസം പരോള്‍ നല്‍കിയിയെന്നും ജയില്‍ ഹൈപവര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

മെയ് പതിനൊന്നിനാണ് കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജയില്‍വകുപ്പ് 90 ദിവസത്തെ പരോള്‍ അനുവദിച്ചത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം ഉന്നതാധികാര സമിതി നിശ്ചയിച്ച മാനദണ്ഡം കണക്കിലെടുത്താണ് നടപടിയെന്നായിരുന്നു ജയില്‍വകുപ്പിന്റെ വിശദീകരണം.

ഇതിനെതിരെ പരാതിയുമായി അഭയ കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തി. പരോള്‍ നടപടിക്കെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേരള സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ഉന്നതാധികാര സമിതി അധ്യക്ഷനുമായ ജസ്റ്റിസ് സി. ടി രവികുമാറിന് പരാതി നല്‍കി.

 

Top