പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്നു

ദില്ലി: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 19 വയസ്സിൽ ഇന്ത്യന്‍ ദേശീയ ടീമിനു വേണ്ടി ജേഴ്‌സി അണിഞ്ഞ പാര്‍ത്ഥിവ് പട്ടേല്‍ തന്റെ 35മത്തെ വയസിലാണ് ഇപ്പോൾ ക്രിക്കറ്റിനോട് വിട പറയുന്നത്. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്ന കാര്യം താരം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളും,39 ഏകദിനങ്ങളും, 2 ട്വന്‍റി ട്വന്‍റിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സും, ഏകദിനത്തില്‍ 736 റണ്‍സും, ട്വന്‍റി 20യില്‍ 36 റണ്‍സുമാണ് പട്ടേൽ അന്താരാഷ്ട്ര തലത്തില്‍ നേടിയത്.

2002ല്‍ ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിൽ അരങ്ങേറ്റം കുറിച്ച പാര്‍ത്ഥിവ്, ഇന്ത്യയ്ക്ക് വേണ്ടി അവസാനം കളത്തിലിറങ്ങിയത് ജോഹന്നാസ് ബര്‍ഗില്‍ 2018ൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റിലായിരുന്നു. 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 11,240 റണ്‍സ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയിട്ടുണ്ട്. ഇതില്‍ 27 സെഞ്ച്വറികള്‍ ഉണ്ട്. 43 ആണ് ആവറേജ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേര്‍സ് ബംഗലൂരു എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്

Top