Parthiv Patel replaces Wriddhiman Saha for third England Test

മുംബൈ: പാര്‍ഥീവ് പട്ടേലിനെ ഇംഗ്ലണ്ടിനെതിരേ മൊഹാലിയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്നാണ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് പാര്‍ഥീവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. നാലു വര്‍ഷം മുന്‍പാണ് പാര്‍ഥിവ് ഇന്ത്യയ്ക്കുവേണ്ടി ഒരു അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ചത്.

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് സാഹയ്ക്ക് ഇടതു തുടയ്ക്ക് പരിക്കേറ്റത്. പരിക്ക് അധികരിക്കാതിരിക്കാനാണ് ശനിയാഴ്ച മൊഹാലിയില്‍ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് സാഹയെ ഒഴിവാക്കിയത്.

ഇരുപത് തവണ ടെസ്റ്റ് കുപ്പായമണിഞ്ഞിട്ടുള്ള 31 കാരനായ പാര്‍ഥിവ് പട്ടേല്‍ 2008 ആഗസ്തിലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി വിക്കറ്റ് കാത്തത്. 2012 ഫിബ്രവരിയിലാണ് അവസാന ഏകദിനം കളിച്ചത്.

ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ ഗുജറാത്തിനുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് പാര്‍ഥിവിന് വീണ്ടും ടീമിലേയ്ക്കുള്ള വഴിയൊരുക്കിയത്. ആദ്യത്തെ എട്ട് ഇന്നിങ്‌സില്‍ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും അടക്കം 59.28 ശരാശരിയില്‍ 415 റണ്‍സ് നേടിയിരുന്നു പാര്‍ഥിവ്. മധ്യപ്രദേശിനെതിരെ പുറത്താകാതെ നേടിയ 139 റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍.

Top