ഇന്ത്യന്‍ ടീമിലെ മികച്ച താരം പാര്‍ത്ഥീവ് പട്ടേല്‍ തിരിച്ചെത്തുന്നതായി വിവരം. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിക്കറ്റ് കീപ്പറായിരുന്ന പാര്‍ത്ഥീവ് പട്ടേലിനെ ടീമിലേക്ക് തിരിച്ചു വിളിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബിസിസിഐ വൃത്തങ്ങളുടെ അടിസ്ഥാനത്തില്‍ ചില ക്രിക്കറ്റ് വെബ്‌സൈറ്റുകളാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പാര്‍ത്ഥിവ് പട്ടേല്‍ പ്രതികരിച്ചു. എന്നാല്‍ ടീമിലെത്തുന്നത് സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ടീമിലേക്കുള്ള തന്റെ തിരിച്ചു വരവ് തീരുമാനിക്കുന്നത് ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരും കൂടിയാണെന്നും പാര്‍ത്ഥിവ് കൂട്ടിച്ചേര്‍ത്തു.
2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് പാര്‍ത്ഥീവ് അവസാനമായി ഇന്ത്യന്‍ ജെഴ്‌സി അണിഞ്ഞത്. അന്ന് ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും കൈയ്‌ക്കേറ്റ പരിക്ക് മൂലം പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പട്ടേലിന് സാധിച്ചില്ല.
2003ല്‍ സൗരവ് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ലോകകപ്പ് ഫൈനലിലെത്തിയപ്പോള്‍ പാര്‍ത്ഥിവ് പട്ടേലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു.
മുപ്പത്തിരണ്ടുകാരനായ ഇടം കൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി വിക്കറ്റ് കീപ്പര്‍ എന്ന് വിലയിരുത്തപ്പെട്ട താരമാണ്. എന്നാല്‍ മഹേന്ദ്ര സിങ് ധോണിയും ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പാര്‍ത്ഥിവ് പിന്നിലേക്കു പോവുകയായിരുന്നു.