‘പാര്‍ഷ്യല്‍ ഡൗണ്‍ലോഡ്’ പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്‌ലിക്സ്

വാഷിങ്ടണ്‍: ആന്‍ഡ്രോയ്ഡ് യൂസേഴ്സിനായി പുതിയ ഫീച്ചറുമായി ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ലിക്സ്. ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലിലും ടാബ്ലെറ്റുകളിലും ചിത്രങ്ങളും സീരീസുകളും ഡൗണ്‍ലോഡ് പൂര്‍ത്തിയാകുന്നതിന് മുമ്പ് കാണാന്‍ കഴിയുന്ന ‘പാര്‍ഷ്യല്‍ ഡൗണ്‍ലോഡ്’ ഫീച്ചറാണ് നെറ്റ്ഫ്‌ലിക്സ് പുറത്തിറക്കിയത്. നേരത്തെ ഓഫ്ലൈനായി ഒരു നെറ്റ്ഫ്‌ലിക്സ് ടൈറ്റില്‍ കാണുന്നതിന് ഡിവൈസിലേക്ക് പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യേണ്ടത് ആവശ്യമായിരുന്നു.

2016ലാണ് നെറ്റ്ഫ്‌ലിക്സ് ഓഫ്ലൈണ്‍ സ്ട്രീമിങ്ങിനായി ഡൗണ്‍ലോഡ് ഫീച്ചര്‍ കൊണ്ടുവന്നത്. യാത്ര ചെയ്യുന്നവര്‍ക്കും നെറ്റ്വര്‍ക്ക് കുറവുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇത് ഏറെ ഗുണം ചെയ്തിരുന്നു. പുതിയതായുള്ള ‘പാര്‍ഷ്യല്‍ ഡൗണ്‍ലോഡ്’ ഫീച്ചര്‍ ഉപയോഗിച്ച് പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഉപയോക്താകള്‍ക്ക് ‘ടൈറ്റിലുകള്‍’ കാണാന്‍ കഴിയുമെന്നത് കൂടുതല്‍ പേരെ നെറ്റ്ഫ്‌ലിക്സിലേക്ക് ആകര്‍ഷിക്കുമെന്നത് ഉറപ്പാണ്.

ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബ്ലെറ്റുകളിലും മാത്രമാണ് ‘പാര്‍ഷ്യല്‍ ഡൗണ്‍ലോഡ്’ ഫീച്ചര്‍ നിലവില്‍ ലഭ്യമാകുക. വരും മാസങ്ങളില്‍ ഐഒഎസ് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ഈ ഫീച്ചര്‍ പരിശോധിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഉപയോക്താക്കള്‍ കണ്ടുകൊണ്ടിരിക്കുന്ന സീരീസിന്റെ പഴയ എപിസോഡുകള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുകയും പുതിയത് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ‘സ്മാര്‍ട്ട് ഡൗണ്‍ലോഡ്’ ഫീച്ചര്‍ ഇപ്പോള്‍ ഐഒഎസില്‍ ലഭ്യമാണ്.

 

 

Top