ദില്ലി: പങ്കാളിത്ത പെന്‍ഷന്‍ പുനഃപ്പരിശോധനാ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി വി വേണു നവംബര്‍ 10 ന് നേരിട്ട് വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറിയില്ലെങ്കില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റിപ്പോര്‍ട്ട് സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന് നല്‍കാത്ത വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.
സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ സര്‍ക്കാര്‍ കാണരുതെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജി പരിഗണനയിലിരിക്കെ പുനഃപ്പരിശോധനാ റിപ്പോര്‍ട്ട് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. പുനഃപ്പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കോടതി നേരത്തെ സംസ്ഥാനത്തിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പുനഃപ്പരിശോധനാ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി പഠിക്കുന്നതിനാല്‍ പകര്‍പ്പ് നല്‍കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നത്. ജോയിന്റ് കൗണ്‍സിലിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ , അഭിഭാഷകരായ മുഹമ്മദ് സാദിഖ്, എബ്രഹാം സി മാത്യൂസ്, ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി.