സി.പി.എമ്മിന് ഒരു സ്വാധീനവും അവകാശപ്പെടാന്‍ ഇല്ലാത്ത പല സംസ്ഥാനങ്ങളിലും ഏറ്റവും കരുത്തുറ്റ വിദ്യാര്‍ത്ഥി സംഘടനയാണ് ഇപ്പോള്‍ എസ്.എഫ്.ഐ. തിരഞ്ഞെടുപ്പ് നടന്നാല്‍ എസ്.എഫ്.ഐ വിജയിക്കുമെന്ന ഒറ്റ കാരണത്താല്‍ ഇവിടങ്ങളിലെ കലാലയങ്ങളില്‍ തിരഞ്ഞെടുപ്പ് നിരോധിച്ചിട്ട് തന്നെ വര്‍ഷങ്ങളായി. എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്ക് കാവിക്ക് വളക്കൂറുള്ള ഉത്തരേന്ത്യന്‍ മണ്ണില്‍ പോലും സ്വാധീനം ഉറപ്പിക്കാന്‍ കഴിയുന്നത്, നിസ്സാരമായ കാര്യമൊന്നുമല്ല.
ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ട ബംഗാളിലും, ത്രിപുരയിലും പോലും, ഇപ്പോഴും സംഘടിത വിദ്യാര്‍ത്ഥി ശക്തിയാണ് എസ്.എഫ്.ഐ. നാളിതുവരെ എതിരാളികളാല്‍ രാജ്യത്ത് കൊലചെയ്യപ്പെട്ടിരിക്കുന്നത്, 148 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും ഇത്രയും വലിയ ഒരു നഷ്ടമുണ്ടായിട്ടില്ലന്നതും വ്യക്തമാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച്, ഈ കോവിഡ് കാലത്തും, എസ്.എഫ്.ഐ മുന്നേറുമ്പോള്‍, സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവിനും ചിലതു പറയാനുണ്ട്. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിന്റെ ആദ്യ ഭാഗത്തില്‍ നിന്ന്
. . .
കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്?
ഏറ്റവും പ്രധാന വെല്ലുവിളി എന്നു പറഞ്ഞാല്‍ എസ്.എഫ്.ഐയുടെ സ്ട്രെങ്ത്ത് എന്നു പറയുന്നത് ക്യാമ്പസുകളാണ്. ഏറ്റവും പ്രധാനമായിട്ട് സംഘടനയുടെ പരിപാടികളുടെ പങ്കാളിത്തമായാലും എടുക്കുന്ന ക്യാംപെയിനുകള്‍ ഏതര്‍ത്ഥത്തിലും വിജയിപ്പിക്കുന്നതിനും മുന്നില്‍ നില്‍ക്കുന്നത് ക്യാമ്പസ് കമ്മറ്റികളാണ്. ആ ക്യാമ്പസുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ് എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത്. ഇതിനെ മറികടന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ രൂപത്തില്‍ രാജ്യവ്യാപകമായി തന്നെ നടക്കുന്നുണ്ട്.
എങ്ങനെയാണ് എസ്.എഫ്.ഐ ഇതിനെ നേരിടാന്‍ പോകുന്നത്?
ഒന്ന് നമ്മള്‍ ഏറ്റവും പ്രധാനമായി അവശ്യപ്പെടുന്നത് യൂണിവേഴ്സല്‍ വാക്സിനേഷനാണ്. യൂണിവേഴ്സല്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സ്വമേധയ എടുത്ത കേസില്‍ എസ്.എഫ്.ഐ കക്ഷി ചേരുകയുണ്ടായി. വാക്സിന്‍ കൊടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം നരേന്ദ്ര മോദിയെ വിശ്വസിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണയെ വിശ്വസിക്കുന്നതാണ് എന്ന അവസ്ഥയിലേക്കാണ് പോകുന്നത്. പറയാനുള്ള കാരണം മുമ്പ് വന്ന എല്ലാ മഹാമാരികളും അത് വാക്സിനേഷന്‍ കൊണ്ടല്ല അതിനെ മറികടന്നത്. ആ മഹാമാരി പൂര്‍ണമായും ലോകത്തില്‍ നിന്ന് മാറിയതിനു ശേഷം അതിനെ ലോകം അതിജീവിച്ചതിനു ശേഷമാണ് വാക്സിന്‍ വന്നത്. എന്തു കൊണ്ടന്നാല്‍ വൈറസിനു മ്യൂട്ടേഷന്‍ സംഭവിച്ച് ഒരു ഘട്ടം കഴിയുമ്പോള്‍ വൈറസിന്റെ പകരാനുള്ള ശേഷിയും ആളുകളെ കൊലപ്പെടുത്താനുള്ള ശേഷിയും അതിനു നഷ്ടപ്പെട്ടു പോകും. ആ നഷ്ടപ്പെടല്‍ സംഭവിച്ചാല്‍ പോലും ഇന്ത്യയില്‍ പരിപൂര്‍ണമായി എല്ലാവര്‍ക്കും വാക്സിന്‍ കിട്ടില്ല എന്ന അവസ്ഥയിലാണ് ഇപ്പോഴും നില്‍ക്കുന്നത്.
ഇവിടെ യൂണിവേഴ്സല്‍ വാകിസിനേഷന്‍ എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടും ഈ സമയത്ത് എസ്.എഫ്.ഐ മുന്നോട്ട് വയ്ക്കുന്നത്. എങ്കില്‍ മാത്രമേ ക്യാമ്പസുകള്‍ തുറക്കാന്‍ സാധിക്കൂ. ഇപ്പോള്‍ ഡിജിറ്റലായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കി കൊണ്ടിരിക്കുന്നത്. ആ ഡിജിറ്റല്‍ വിദ്യാഭ്യാസം വലിയ രൂപത്തിലുള്ള ഡിവൈഡിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ അത് പരിഹരിക്കാന്‍ വേണ്ടിയിട്ടാണ് വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസ് കൊടുക്കുന്ന സ്ഥിതിയുണ്ടായത്. എന്നാല്‍ ഇന്ത്യയിലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് പോയാല്‍ ഇന്ത്യയിലെ മൊത്തം ഗ്രാമങ്ങളെടുത്താല്‍ പത്ത് ശതമാനത്തില്‍ താഴെയാണ് ഇന്റെര്‍നെറ്റ് കണക്റ്റിവിറ്റിയുള്ളത്. അതിലും എത്രയോ കുറവാളുകള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണോ അല്ലെങ്കില്‍ ലാപ്ടോപ്പോ സൗകര്യമുള്ളത്. വലിയ വിഭാഗം ആളുകളില്‍ വളരെ ചെറിയ ന്യൂനപക്ഷത്തിനു മാത്രമാണിപ്പോ വിദ്യാഭ്യാസം പ്രാപ്യമാകുന്നത്. മുഴുവന്‍ ആളുകള്‍ക്കും വിദ്യാഭ്യാസം പ്രാപ്യമാകുന്ന രൂപത്തിലുള്ള ഇടപെടല്‍ വരണം.
അതില്‍ ഒന്ന് യൂണിവേഴ്സല്‍ വാക്‌സിനേഷന്‍ നടത്തി എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭിച്ച് ഈ കൊവിഡനെ മറികടന്ന് ഫിസിക്കലായി ക്ലാസ് തുറക്കുകയെന്നുള്ളത് മാത്രമാണ് ശാശ്വതമായ ഒരു പരിഹാരമെന്നു പറയാവുന്നത്. താത്കാലികമായി ചെയ്യേണ്ടത് വരുന്ന സമയം മറികടക്കാനാവശ്യമായിട്ടുള്ള കൃത്യമായിട്ടുള്ള ഇടപെടലുകള്‍ നടത്തണം. ഇപ്പോള്‍ കേരള ഗവണ്‍മെന്റെ് ഒരു പരിധി വരെ ഏറ്റവും നന്നായി ചെയ്യുന്ന ഒരു ഗവണ്‍മെന്റാണ്. പ്രധാനമായി ആദിവാസി മേഖലകളില്‍ വൈദ്യുതി എത്താത്ത ഒട്ടനവധി ഗ്രാമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സമ്പൂര്‍ണമായി വൈദ്യൂതീകരിച്ചില്ല. കേരളമോ ഹിമാചല്‍പ്രദേശോ പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പരിപൂര്‍ണമായും വൈദ്യൂതി പോലും ഇല്ലാത്ത സ്ഥലമാണ്. മാത്രവുമല്ല, ലോക്ഡൗണിന്റെ ഭാഗമായി കുട്ടികള്‍ക്കെതിരായിട്ടുള്ള പീഡനങ്ങള്‍ വര്‍ധിച്ചു. കേരളത്തില്‍ കണക്കുകള്‍ പുറത്ത് വരുന്നു എന്നുള്ളത് മാത്രമാണ് പ്രത്യേകത. മറ്റു ഇടങ്ങളില്‍ സംഭവിക്കുന്നില്ല എന്നല്ല അര്‍ത്ഥം.
കേരളത്തില്‍ താരതമ്യേന കുറവ് സംഭവിക്കുന്ന സ്ഥലമാണ്, ചെറിയ സംഭവം പോലും ഇവിടെ റിപ്പോര്‍ട്ടാകുന്നു എന്നുള്ള ഒരു ഗുണം നമ്മള്‍ക്കുണ്ട്. മാധ്യമങ്ങളിലും ജനങ്ങളും ഒക്കെ തന്നെ കുറച്ചു കൂടി സെന്‍സിറ്റീവാണ്. കുട്ടികള്‍ പീഡനങ്ങള്‍ക്കിരയാകുന്നു, കുട്ടികള്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിച്ചിട്ടുണ്ട്. ഒട്ടനവധിയായിട്ടുള്ള പ്രശ്നങ്ങള്‍ നേരിടുന്നു. ഇതിന്റെ ഇടയിലൂടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പാഠ്യപദ്ധതി തീരുമാനിക്കാനുള്ള അവകാശങ്ങളൊക്കെ നിഷേധിക്കുകയാണ്. കരിക്കുലം തീരുമാനിക്കുന്നതില്‍ ഇവര്‍ പറയുന്ന ചട്ടകൂടിനകത്ത് വേണം എന്ന രൂപത്തിലേക്ക് വരികയാണ്. പ്രധാനമായും ടാര്‍ഗറ്റ് ചെയ്യുന്നത് ചരിത്ര പാഠപുസ്തകത്തേയാണ്. വളരെ കൃത്യമാണ് അതിന്റെ അജണ്ട എന്ന് പറയുന്നത്. ആര്‍.എസ്.എസ് സംഘപരിവാറിനൊരു മുഖമുണ്ടാക്കി കൊടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. ഇത്തരത്തിലുള്ള ഒട്ടനവധി പ്രശ്നങ്ങളാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടുള്ളത്. അതിന്റെയെല്ലാം അഡ്രസ്സ് ചെയ്തു കൊണ്ടുള്ളതാണ് ഇപ്പോള്‍ സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. അതോടൊപ്പം മറ്റ് സന്നദ്ധപ്രവര്‍ത്തനങ്ങളും രാജ്യവ്യാപകമായി തന്നെ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നുണ്ട്.
കേരളത്തിനു പുറത്ത് രാജ്യത്തിനകത്ത് പ്രധാനമായും എസ്.എഫ്.ഐ സ്വാധീനമുള്ള ക്യാമ്പസുകള്‍ ഏതെല്ലാമാണ്?
എല്ലാ സംസ്ഥാനത്തിനകത്തും ഉണ്ട്. തമിഴ്നാട്ടിലേക്കോ ആന്ധ്രയിലേക്കോ തെലുങ്കാനയിലേക്കോ നോക്കിയാല്‍ ഏതാണ് ക്യാമ്പസ് എന്നു ചോദിച്ചാല്‍ എല്ലാ ക്യാമ്പസും എന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടിലേതു പോലെ തെരെഞ്ഞെടുപ്പില്ലാത്തതു കൊണ്ട്, തെരെഞ്ഞെടുപ്പ് വിജയമാണ് ശക്തി എന്നു പറയുന്ന നിലയ്ക്ക് പലപ്പോഴും പരിഗണിക്കാറുണ്ട്. 2018ല്‍ സെപ്തംബര്‍ മാസത്തില്‍ എസ്.എഫ്.ഐ നാല് ജാഥകളായി അഖ്യലേന്ത്യന്‍ ജാഥ നടത്തി. പ്രളയം കാരണം കേരളത്തെ ഒഴിവാക്കി. കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളിലുടെ ജാഥയില്‍ ഞാനായിരുന്നു ക്യാപ്റ്റന്‍. ഈ സംസ്ഥാനങ്ങളിലൂടെയെല്ലാം പോകുമ്പോള്‍ ഓരോ ക്യാമ്പസുകളിലാണ് സ്വീകരണം. ആന്ധ്രയിലൊക്കെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെല്ലുമ്പോള്‍ പ്രിന്‍സിപ്പാളാണ് ആ യോഗത്തിന്റെ അധ്യക്ഷന്‍. ആ പ്രിന്‍സിപ്പാളുള്‍പ്പെടെ പങ്കെടുത്തു കൊണ്ടാണ് എസ്.എഫ്.ഐ ആ യോഗം ചേരുന്നത്.
അതില്‍ ഏറ്റവും പ്രധാനമായിട്ട് അനന്ത്പൂരിലെ ഗവണ്‍മെന്റ് ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജ്. 9000 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ്. ഈ ക്യാമ്പസിന്റെ പ്രത്യേകത എന്നു പറഞ്ഞാല്‍ രണ്ട് മുന്‍ രാഷ്ട്രപതിമാര്‍ വന്നിട്ടുള്ളതാണ്. ഡോ.എസ് രാധാകൃഷ്ണന്‍, നിലം സജീവ റെഡ്ഢി. ഒരാള്‍ അധ്യാപകനും ഒരാള്‍ വിദ്യാര്‍ത്ഥിയുമായിരുന്ന ക്യാമ്പസാണ്. ബംഗാളിലേക്ക് പോയിട്ടുണ്ടെങ്കില്‍ നിര്‍ത്തലാക്കിയ തെരെഞ്ഞെടുപ്പ് തുടങ്ങിയപ്പോ ജാദഗ്പൂര്‍ യൂണിവേഴിസിറ്റിയിലെല്ലാം തുടര്‍ച്ചയായി ജയിക്കുന്ന സ്ഥിതിയിലേക്ക് വന്നു. ഇപ്പോള്‍ അവിടെ തെരെഞ്ഞെടുപ്പ് നിര്‍ത്തലാക്കി, സ്റ്റുഡന്റ്സ് യൂണിയനു പകരം സ്റ്റുഡന്റ്സ് കൗണ്‍സിലാക്കി അധ്യാപകര്‍ നേരിട്ട് നിയമിക്കുന്ന ബോഡികളാക്കി. ഹിമാചലില്‍ ആണെങ്കില്‍ ഹിമാചല്‍ സെന്റട്രല്‍ യൂണിവേഴ്സിറ്റി. അവിടത്തെ പ്രധാനപ്പെട്ട ഒന്ന് രണ്ട് പ്രധാനപ്പെട്ട കോളേജുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാ കോളേജിലും ഏറ്റവും ശക്തമായ സംഘടനയായിട്ട് എസ്.എഫ്.ഐയുടെ സാന്നിധ്യമുണ്ട്.
രാജസ്ഥാനിലാണെങ്കില്‍ സിക്കര്‍, ഗംഗാനഗര്‍, ബിക്കാനര്‍, അല്‍വര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ 11 ജില്ലകളിലെ എല്ലാ ക്യാമ്പസുകളിലും സജീവമായ സാന്നിധ്യം എസ്.എഫ്.ഐക്കുണ്ട്. ഡല്‍ഹിയില്‍ ആണെങ്കില്‍ ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്സിറ്റി, അംബേദ്ക്കര്‍ യൂണിവേഴ്സിറ്റി, അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ ആയിരുന്നു അവസാന തെരെഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റി, വിവിധ സ്ഥലങ്ങളിലെ ഐഐടികളില്‍ പോലും, അവിടങ്ങളിലോക്കെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നേരിട്ട് പ്രവര്‍ത്തിക്കാന്‍ പ്രയാസമുള്ളത് കൊണ്ടും വിവിധ പേരുകളിലാണ് ഐഐടികളില്‍ എസ്എഫ്.ഐ പ്രവര്‍ത്തനം നടക്കുന്നത്. മദ്രാസ് ഐഐടി, മുംബൈ ഐഐടി, മുംബൈ ടിസ്സ്, ഗുഹാവാട്ടി ഐഐടി കേന്ദ്ര ഗവണ്‍മെന്റ് നേരിട്ട് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളായാലും സാധാ ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജ് ആയാലും എല്ലായിടത്തും സജീവമായ സംഘടനാ പ്രവര്‍ത്തനം എസ്.എഫ്.ഐ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
സിപിഎമ്മിന് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ ആധിപത്യം പ്രകടമാണോ? ഏങ്ങനെയാണിത് സാധ്യമാകുന്നത്?
സിപിഎമ്മിനെ ആശ്രയിച്ചല്ല എസ്എഫ്ഐ നില്‍ക്കുന്നത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടുള്ള ഘടകം. എസ്എഫ്ഐയില്‍ എന്ന പലയാളുകളും സിപിഎം ആയി മാറാറുണ്ട്. പലയാളുകളും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ സിപിഎമ്മാണ് തെരെഞ്ഞെടുക്കാറുള്ളത്. അല്ലെങ്കില്‍ എസ്എഫ്ഐയ്ക്കങ്ങനെ പാരന്റല്‍ ഓര്‍ഗനൈസേഷന്റെ പരിലാളനയോ അതിന്റെ സംരക്ഷണമോ കിട്ടിയിട്ട് വളരേണ്ട സംഘടനയുമല്ല. അങ്ങനെ വളരുകയാണെങ്കില്‍ 1970ല്‍ രൂപികരിച്ച് 1979ലാണ് ഹിമാചലില്‍ എസ്എഫ്ഐ രൂപികരിക്കുന്നത്. അന്ന് അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും ഷിംലയിലെ ഷിംല നഗരത്തില്‍ തന്നെയുള്ള വീടുകളില്‍ പോയാല്‍ അവര്‍ക്ക് മൂന്ന് പാര്‍ടിയാണ് അറിയുക.
ബി.ജെ.പി, കോണ്‍ഗ്രസ്, എസ്എഫ്ഐ എന്നാണ് അവര്‍ പറയുക. ആ കോര്‍പ്പറേഷനിലെ ഡിവിഷന്‍ യൂണിവേഴ്സിറ്റി നില്‍ക്കുന്ന പ്രദേശത്തെ ഡിവിഷന്‍ ഇപ്പോഴും സിപിഎമ്മാണ് തെരെഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റെല്ലായിടത്തും പരാജയപ്പെട്ടപ്പോള്‍ അവിടം സിപിഎം ജയിക്കുന്ന സ്ഥിതിയുണ്ടായി. സിപിഎം ഉണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചല്ല, ഏറ്റവും രസകരമായ കാര്യം ഞങ്ങള്‍ എപ്പോഴും സംഘടനയ്ക്കകത്ത് പറയുന്നത് ഹരിയാനയെ കുറിച്ചാണ്. ഹരിയാനയിലെ എവിടെയൊക്കെ സിപിഎമ്മുണ്ടോ അവിടെ എസ്എഫ്ഐ അത്ര ശക്തമല്ല. വളരെ ചെറിയ സംഘടനയാണ്. ശക്തമായ എസ്എഫ്ഐയുള്ളത് അവിടെ സിപിഎം കാര്യമായി പ്രവര്‍ത്തനങ്ങളില്ലാത്ത ജില്ലകളിലാണ്. എസ്എഫ്ഐയുടെ ലീഡര്‍ഷിപ്പുകളില്‍ അധികവും വരുന്നത് ആ ജില്ലകളില്‍ നിന്നാണ്. സംസ്ഥാന ലീഡര്‍ഷിപ്പും പ്രധാന നേതാക്കളെല്ലാവരും വരുന്നത്. അത്ര സിപിഎമ്മോ മറ്റു സംഘടനകളോ ഒന്നും തന്നെ ഇല്ലാത്ത സ്ഥിതികളും കാണാം. സിപിഎം ഉണ്ടോ ഇല്ലയോ എന്നുള്ളത് അല്ല, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതുമല്ല, എസ്എഫ്ഐ ഉണ്ടാകാനുള്ള ഘടകം. ആ മേഖലകളില്‍ ഇടപെടലുകളും വിദ്യാര്‍ത്ഥികളുടെ വിഷയങ്ങളിലെടുക്കുന്ന നിലപാടും അതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന പിന്തുണയുമാണ്.
പശ്ചിമബംഗാളും ത്രിപുരയും അടക്കം ഇടതുപക്ഷത്തിനു ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണല്ലോ, അവിടങ്ങളില്‍ എസ്എഫ്ഐയുടെ അവസ്ഥ എന്താണ്?
എസ്എഫ്ഐ ഇപ്പോഴും ഈ തെരെഞ്ഞടുപ്പിനു ശേഷം എടുത്തു നോക്കിയിട്ടുണ്ടെങ്കില്‍ എറ്റവും സജീവമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അവിടത്തെ റെഡ് വളണ്ടിയേഴ്സ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ പോലും ബംഗാളിലെ എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ ഒരാളെ കണ്ടെത്താനോ അല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട് ഭക്ഷണോ ചികിത്സയോ ലഭിക്കാനില്ലാത്ത സ്ഥിതിയോ ഉണ്ടെങ്കില്‍ അവര്‍ റെഡ് വളണ്ടിയേഴ്സിനെയാണ് ബന്ധപ്പെടുന്നത്. പലപ്പോഴും പല ആളുകളും ഡല്‍ഹിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നെ വിളിച്ച് ആ മേഖലയിലെ റെഡ് വളണ്ടിയേഴ്സിന്റെ ജില്ലയിലെ നമ്പര്‍ തരണം എന്നു ചോദിക്കുന്ന സ്ഥതിയുണ്ടായിട്ടുണ്ട്. ഏറ്റവും സജീവമായിട്ടുള്ള പ്രവര്‍ത്തനം അവിടെ നടത്തുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട A ടു Z പ്രവര്‍ത്തനം അവിടത്തെ റെഡ് വളണ്ടിഴ്സ് മാത്രമല്ല, എസ്എഫ്ഐ, ഡിവൈഎഫ്ഐ കൂടിചേര്‍ന്നു കൊണ്ടാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇപ്പോള്‍ തൃപുരയിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
വിവിധ വിഷയങ്ങളില്‍ സമരങ്ങളേറ്റടുക്കുന്നുണ്ട്, കഴിഞ്ഞ ദിവസം പോലും ഏതാണ്ട് ഒരാഴ്ച മുമ്പാണ് തൃപുരയിലെ എസ്എഫ്ഐ നേതാവിനെ നേരെ ആര്‍എസ്എസിന്റെ ആക്രമണം ഉണ്ടായത്. പരിക്ഷിത്ത് കലായി എന്ന എസ്എഫ്ഐയുടെ നേതാവിനെ മൂന്നാം തവണയാണ് ബിജെപിക്കാര്‍ അക്രമിക്കുന്ന സ്ഥിതിയുണ്ടായത്. അവര്‍ക്കിപ്പോഴും ഒരു ഭീഷണിയാണ് എന്നു തോന്നുന്നത് കൊണ്ടാണ് തൃപുരയിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കന്മാരെ ഒക്കെ തന്നെ തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നത്. ആ നിലയ്ക്ക് അവിടെയോക്കെ സാന്നിധ്യമുണ്ട് എന്നു പറഞ്ഞാല്‍ ബിജെപിയെ ഭയപ്പെടുത്താന്‍ അല്ലെങ്കില്‍ അവര്‍ക്ക് ഒരു വെല്ലുവിളിയാകുന്ന രൂപത്തിലുള്ള സാന്നിധ്യം അവിടെയുണ്ട് എന്നുള്ളത് വളരെ കൃത്യമാണ്.
ബംഗാളിലാണെങ്കിലും ഇടതുപക്ഷത്തിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല, പുറകോട്ട് പോവുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ തെരെഞ്ഞെടുപ്പ് പ്രത്യേകത ഏറ്റവും കൂടുതല്‍ എസ്എഫ്ഐക്കാര്‍ മത്സരിച്ച തെരെഞ്ഞെടുപ്പാണ്. എസ്എഫ്ഐയുടെ നിലവിലെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ആള്‍ ഇന്ത്യ ജോയിന്റ് സെക്രട്ടറി, ജെഎന്‍യു വിലെ സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റ്, തൊട്ടു മുമ്പത്തെ സംസ്ഥാനത്തെ സെക്രട്ടറി പ്രസിഡന്റ് അതിന്റെ മുമ്പത്തെ ആള്‍ ഇന്ത്യ ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ ഒരുപാട് ജില്ലാ ഭാരവാഹികളൊക്കെ മത്സരിച്ച തെരെഞ്ഞെടുപ്പാണ്. ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എസ്എഫ്ഐ സംഘടനയ്ക്ക് കിട്ടിയ ഒരു അംഗീകാരം കൂടിയാണ്. ഇങ്ങനെയൊരു തെരെഞ്ഞെടുപ്പ് വരുന്ന സമയത്ത് പ്രതിസന്ധി ഘട്ടത്തിലുള്ളൊരു തെരെഞ്ഞെടുപ്പില്‍ പോരാന്‍ മുന്നില്‍ വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ വരുന്നു എന്നുള്ളത് എസ്എഫ്ഐ സംഘടനയ്ക്ക് കിട്ടിയ ഒരു അംഗീകാരം കൂടിയാണ്.
നിലവില്‍ എത്രയാണ് എസ്എഫ്ഐയുടെ അംഗസംഖ്യ
എസ്എഫ്ഐയുടെ കഴിഞ്ഞ അംഗസംഖ്യ നമുക്ക് കണക്കില്‍ വെക്കാന്‍ കഴിയാത്തതാണ്. അംഗസംഖ്യയില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ക്യാമ്പസുകള്‍ തുറക്കാത്തതും, മെമ്പര്‍ഷിപ്പ് 43 ലക്ഷത്തിലധികമാണ് അംഗസംഖ്യ മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോള്‍ നന്നായി കുറഞ്ഞ് ഏതാണ്ട് അറുപത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. അധികം വൈകാതെ തന്നെ വരും വര്‍ഷങ്ങളില്‍ പിക്കപ്പ് ചെയ്ത് 43 ലക്ഷത്തിലേക്ക് എത്തിക്കും.
എസ്എഫ്ഐ രൂപീകൃതമായതിനു ശേഷം എത്ര പ്രവര്‍ത്തകരാണ് രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നത്?
എസ്എഫ്ഐ രൂപീകൃതമായതിനു ശേഷം കേരളത്തില്‍ മാത്രം 34 പേരാണ് ഏതാണ്ട് 148 പേരാണ് രാജ്യത്താകമാനം രക്തസാക്ഷിത്വം വഹിച്ചത്. എസ്എഫ്ഐ അതിന്റെ രക്തസാക്ഷികളെ പറയുമ്പോള്‍ എസ്എഫ്ഐ രൂപീകരിച്ചതിനു ശേഷം കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കന്മാരെ മാത്രമല്ല, 1936ലെ എഎസ്എഫ് മുതല്‍ അതിനു ശേഷം വിവിധ പ്രദേശങ്ങളിലെ ബിപിഎസ്എഫും കെഎസ്എഫുമൊക്കെയായി വിവിധ പേരുകളിലെ സംഘടനകളുണ്ട്, അതിന്റെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ടവരുമുണ്ട്. അതുകൊണ്ട് ഏതാണ്ട് 278 പേര്‍ വിദ്യാര്‍ത്ഥികളായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം ചേര്‍ത്താണ് പറയുന്നത്.
ബംഗാളില്‍ 30 നടുത്ത്, ആസ്സാമില്‍ ഉല്‍ഫാ തീവ്രവാദികള്‍ തന്നെ 19 സഖാക്കളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഖാലിസ്ഥാന്‍ സമയത്ത് പഞ്ചാബിലും രാജസ്ഥാനിലും ആന്ധ്രിലും തെലുങ്കാനയിലുമൊക്കെ വിവിധ മാഫിയകള്‍, ക്വാറി മാഫിയ, ലഹരി മാഫിയകളൊക്കെ തന്നെ കൊലപ്പെടുത്തിയിട്ടുണ്ട്. വിഘടനവാദികള്‍, വര്‍ഗീയവാദികള്‍ എല്ലാവരും എസ്എഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്നു പറയുന്നതു പോലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്ര അധികം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട മറ്റു ഏതെങ്കിലും സംഘടനകള്‍ ഇന്ന് നിലവില്‍ ഉണ്ടോ?
നമ്മുടെ അറിവില്‍ ഇല്ല, അങ്ങനെ വെറെ അവകാശപ്പെടുന്ന സംഘടനയും കേട്ടിട്ടില്ല, ഒരുപാട് കൊന്നു എന്ന് ചില സംഘടനകള്‍ക്ക് അവകാശപ്പെടാന്‍ കഴിയും. ഇത്രയധികം ജീവന്‍ നഷ്ടപ്പെട്ട സംഘടന എസ്എഫ്ഐ മാത്രമാണ്.
സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനക്ക് എന്ത് പങ്ക് വഹിക്കാന്‍ കഴിയും?
കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന ഉണ്ടോ എന്നത് അവര്‍ക്കു തന്നെ ധാരണ ഉണ്ടോ എന്ന് സംശയമാണ്. നേരത്തെ തെരെഞ്ഞെടുപ്പ് നിര്‍ത്തലാക്കിയതിനെ കുറിച്ച് പറഞ്ഞില്ലെ, ബംഗാളില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശിലും ഹിമാചല്‍ സെന്റ്ട്രല്‍ യൂണിവേഴ്സിറ്റിയില്‍ തുടര്‍ച്ചയായി എസ്എഫ്ഐ ജയിച്ചപ്പോള്‍ തെരെഞ്ഞെടുപ്പ് റദ്ദാക്കി. ആ തെരെഞ്ഞെടുപ്പ് റദ്ദാക്കിയത് കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്താണ്. കാരണം അവിടെ എസ്എഫ്ഐ വിജയിക്കുകയും രണ്ടാം സ്ഥാനത്ത് എബിവിപിയും വരികയാണ്. എന്‍ എസ് യു എന്ന് പറയുന്ന പ്രസ്ഥാനമേ കാണാനില്ല. അതിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് മന്ത്രിസഭ ഭരിക്കുന്ന സമയത്ത് ഇലക്ഷന്‍ റദ്ദാക്കുന്നത്. അതിനാലാണ് പൊതുവില്‍ എവിടെയും അവസ്ഥ, എന്‍എസ്.യ വിനെ പല സ്ഥലത്തും പോയാല്‍ ചുമരുകളില്‍ പോലും കാണാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍വ്വകലാശാലകളിലൊന്നും കാണാന്‍ സാധിക്കില്ല. മറ്റിടങ്ങളില്‍ അങ്ങനെ ഇടപ്പെടുന്ന സംഘടനയായി, കേരളത്തില്‍ കുറച്ചു കൂടി സമരങ്ങളും ഒക്കെ നമ്മള്‍ കാണാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിലൊന്നും തന്നെ അങ്ങനെ ഒരു നിലപാടെടുക്കുന്നതായിട്ടോ സമരം നടത്തുന്നതായിട്ടോ ഒന്നും കാണാറില്ല. മൊത്തത്തില്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥയാണ്. അത് എന്‍ എസ് യുവിനെയും നന്നായി ബാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സംഘടനകളൊക്കെ തന്നെ പ്രത്യക്ഷത്തില്‍ കാണാത്ത അവസ്ഥയുണ്ട്. കൊടി പോലും അവരുടെ ആളുകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട അവസ്ഥയാണുള്ളത്.
കെ. എസ്. യുവിനെ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചു കൊണ്ടു വരുമെന്നാണ് കെ. സുധാകരന്‍ പറയുന്നത്. ഇത് നടപ്പുള്ള കാര്യമാണോ?
പ്രതാപകാലം എന്ന് പറയുന്നത് ഏതാണ്? 59കളിലാണ് ഇവരുടെ പ്രതാപകാലം. ആദ്യത്തെ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനു വേണ്ടിയിട്ടുള്ള വിമോചന സമരത്തില്‍ ഏറ്റവും വലിയൊരു പങ്ക് വഹിച്ചിട്ടാണ് കെ.എസ്.യു എന്ന സംഘടനയുണ്ടാകുന്നത്. ആ കാലഘട്ടമെന്നു പറഞ്ഞാല്‍ ഏറ്റവും വലിയ അക്രമണങ്ങളുടെ കാലമാണ്. കെ.എസ്.യു തുടര്‍ച്ചയായി അക്രമണങ്ങള്‍ അഴിച്ചു വിട്ടു. അപ്പൊ ഈ പ്രതാപകാലം എന്നു പറയുന്നത് അവര്‍ അക്രമണം അഴിച്ചു വിടുമെന്നാണോ പറയുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു ചിത്രവും അദ്ദേഹം തന്നെ സ്വയം വരുത്തി അദ്ദേഹം പറയാന്‍ ശ്രമിക്കുന്നതും അദ്ദേഹം അങ്ങനെ തന്നെയാണ് എന്നാണ്. ഞാന്‍ തന്നെ അക്രമണങ്ങള്‍ നടത്തി ഒരു ഗുണ്ടായിസമൊക്കെ കാണിക്കുന്നയാളാണ് ഞാന്‍ എന്ന് സ്വയം തന്നെ അവരോധിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തയാണ് അദ്ദേഹം. ആ നിലയ്ക്ക് അത്തരമൊരു അക്രമണങ്ങളുടെ ഒരു തുടര്‍ച്ചയുണ്ടാക്കി കേരളത്തിന്റെ, ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുള്ളതാണോ ഉദ്ദേശിച്ചത് എന്നുള്ളത് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ട കാര്യമാണ്.
അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണന്‍