സുപ്രീംകോടതി വിധി എതിരായാല്‍ അതോടെ ലീഗിന്റെ ‘കൊമ്പ് ‘ ഒടിയും !

മുസ്ലീംലീഗിന് ഇത് വെല്ലുവിളിയുടെ കാലമാണ്. യു.ഡി.എഫില്‍ തുടരുന്നത് സംബന്ധിച്ച് വലിയ ആശങ്കയാണ്  ആ പാര്‍ട്ടിയുടെ നേതൃത്വത്തിനുള്ളത്. പുതിയ കാലത്തെ രാഷ്ട്രീയത്തിന് അനുസരിച്ച് മാറണമെന്ന നിലപാടും ലീഗില്‍ ശക്തി പ്രാപിക്കുകയാണ്. ഇതിനിടെയാണ് നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന നിയമപരമായ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ്  മുസ്ലീം ലീഗിന് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതു സംബന്ധമായി സുപ്രീം കോടതിയും നോട്ടീസയച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്  കോടതി നോട്ടീസയച്ചിരിക്കുന്നത്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നതാണ് നിര്‍ദ്ദേശം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാദള്‍ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമപ്രകാരം  മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാന്‍ പാടുള്ളതല് വ്യക്തികള്‍ക്ക് ബാധകമായ ഈ നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും രണ്ട് പാര്‍ട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് എം ആര്‍ ഷാ , ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ പറയുന്ന പാര്‍ട്ടികള്‍ക്ക് കേസില്‍ കക്ഷി ചേരാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതിയില്‍ തങ്ങളുടെ നിലപാട് പറയാനുള്ള അവസരം ലീഗിനു ഉള്‍പ്പെടെ ലഭിക്കുമെങ്കിലും വിധി എതിരായാല്‍ അത് രാഷ്ട്രീയപരമായി വലിയ തിരിച്ചടിയായി മാറും. മുസ്ലീം ലീഗ് എന്ന പേരും  പച്ചകൊടിയിലെ ചിഹ്നവും ഉപേക്ഷിക്കുക എന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിനെ സംബന്ധിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. മുസ്ലീം സമുദായത്തെ മുസ്ലീംലീഗിനോട് അടുപ്പിക്കുന്നതില്‍  ഈ പേരും പതാകയിലെ ചിഹ്നങ്ങളും വഹിക്കുന്ന പങ്കും വളരെ വലുതാണ്. ലീഗ് കോട്ടകളില്‍ സി.പി.എം പിടിമുറുക്കാന്‍ ശ്രമിക്കുന്ന പുതിയ സാഹചര്യത്തില്‍  നിലവിലെ അടയാളങ്ങള്‍ നഷ്ടപ്പെട്ടാല്‍  ‘അഡ്രസില്ലാതായി’ പോകുമോ എന്ന ആശങ്കയിലാണ് പഴയകാല പ്രവര്‍ത്തകരുള്ളത്. എന്തിനേറെ തമിഴ് നാട്ടില്‍ പോലും ലീഗിനെ ഡി.എം.കെ മുന്നണിയില്‍ എടുത്തത്, ന്യൂനപക്ഷ വോട്ട് ആകര്‍ഷിക്കാന്‍  അവരുടെ പേരിനും ചിഹ്നത്തിനും കഴിയുമെന്നതു കൊണ്ടാണ്. അത് നഷ്ടമായാല്‍  ലീഗിന്റെ വിലപേശല്‍ രാഷ്ട്രീയത്തിനു കൂടിയാണ് തിരിച്ചടി നേരിടുക. ലീഗിന് ലോകസഭയില്‍ രണ്ട് അംഗങ്ങളെ കേരളം സംഭാവന ചെയ്തപ്പോള്‍ ഒരാളെ ലഭിച്ചത് തമിഴ് നാട്ടില്‍ നിന്നാണ്. അതിനപ്പുറം ഒരു വളര്‍ച്ച അന്നും ഇന്നും ലീഗിന് ഉണ്ടായിട്ടുമില്ല.

മുസ്ലീംലീഗിന്റെ പതാകയും ചിഹ്നങ്ങളും മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ അവരുടെ മുന്നണിയില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ്സിനാണ് ഈ താല്‍പ്പര്യമുള്ളത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ അവിടെ പ്രചരണത്തിന് ഉപയോഗിച്ച ലീഗ് പതാകകളെ പാക്കിസ്ഥാന്‍ പതാകയായി  സംഘപരിവാര്‍ ചിത്രീകരിച്ചത് ഉത്തരേന്ത്യയിലെ തിരിച്ചടിക്ക് പ്രധാന കാരണമായതായാണ് കോണ്‍ഗ്രസ്സ് വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ ലീഗിന്റെ പതാകയിലെ ചിഹ്നങ്ങള്‍ മാറിയാല്‍ ഏറെ സന്തോഷിക്കുന്നതും കോണ്‍ഗ്രസ്സ് നേതൃത്വമായിരിക്കും.

പേര് മാറ്റാന്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലങ്കിലും കാലങ്ങളായി ഉപയോഗിച്ചുവന്ന പതാക മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ലീഗില്‍ ഉയര്‍ന്നിട്ടുണ്ട്. നക്ഷത്രവും ചന്ദ്രക്കലയും ആലേഖനം ചെയ്ത പച്ചക്കൊടി മാറ്റുന്നതിനെക്കുറിച്ച് ലീഗില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന്  മുന്‍പ് ന്യു ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പാകിസ്ഥാന്‍ പതാകയ്ക്ക് സമാനമായ കൊടി മാറ്റണം എന്നുള്ള  യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യവും ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡിന്റെ പൊതുതാത്പര്യ ഹര്‍ജിയും പരിഗണിച്ചാണ് പതാക മാറ്റ ആലോചന ലീഗില്‍ ശക്തമായത് എന്നാണ്  2018 ജൂലൈയില്‍  ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പച്ചക്കൊടിയിലെ ചന്ദ്രക്കലയും നക്ഷത്രവും ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ല എന്നാണ്  യൂത്ത് ലീഗിന്റെ ‘ വിലയിരുത്തലെന്നും ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘ഇത് പാകിസ്ഥാന്‍ കൊടിയായിട്ടാണ് ഉത്തരേന്ത്യക്കാര്‍ കാണുന്നതെന്നും അവിടങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പതാക മാറ്റം അനിവാര്യമാണെന്നതുമാണ്  യൂത്ത് ലീഗ് നിരീക്ഷണമെന്നതാണ് വാര്‍ത്ത.

തുടര്‍ന്ന് ഇതിനെതിരെ  മുസ്ലീം ലീഗ് എം.പി ഇ ടി മുഹമ്മദ് ബഷീര്‍ തന്നെ പരസ്യമായി രംഗത്തു വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ‘പത്തുവര്‍ഷക്കാലം കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കുകയും  കേരള മുഖ്യമന്ത്രിയെ വരെ സംഭാവന നല്‍കുകയും ചെയ്ത പാര്‍ട്ടിക്ക് അപ്പോഴെല്ലാം ഈ പതാക ഉപയോഗിക്കാമെങ്കില്‍ ഇപ്പോഴും ഉപയോഗിക്കാമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലും മറുപടി നല്‍കാനാണ് ലീഗ് നേതൃത്വവും നിലവില്‍ ആലോചിക്കുന്നത്. മുസ്ലീംലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് നേതൃത്വം തറപ്പിച്ചു പറയുമ്പോള്‍ പേരില്‍ തന്നെ വര്‍ഗ്ഗീയത ഉണ്ടെന്നതാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെതുമായി സാമ്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക  ഇസ്ലാമിക ചിഹ്നമായി ഉപയോഗിക്കുന്നുവെന്നും  ഇതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ലെന്നതാണ് ഉത്തര്‍പ്രദേശ് ഷിയ വക്കഫ് ബോര്‍ഡ് നിലപാട്. അവരിപ്പോഴും  ഈ നിലപാടില്‍ തന്നെയാണ് ഉറച്ചു നില്‍ക്കുന്നത്. സുപ്രീംകോടതി വിധി മുസ്ലിംലീഗിന് എതിരായാല്‍ അത് കേരള രാഷ്ട്രീയത്തിലും വലിയ അലയൊലി സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തില്‍ രൂപം മാറിയ ലീഗിനെ ഉള്‍ക്കൊള്ളാന്‍  ഇടതുപക്ഷത്തിനും വലിയ പ്രയാസമുണ്ടാകില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.


EXPRESS KERALA VIEW

Top