കക്ഷിരാഷ്ട്രീയം പറയില്ല; എല്ലാ അംഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കും; എം.ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിലും ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും ഉയര്‍ത്തുന്നതിനുള്ള പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതിനും സ്പീക്കര്‍ എന്ന നിലയില്‍ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് എം.ബി. രാജേഷ്. കേരള നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

‘സഭയ്ക്കു പുറത്ത് രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവിനുണ്ടായ ആശങ്ക മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ടാവും. യഥാര്‍ഥത്തില്‍ താന്‍ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയും എന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ സഭയ്ക്കു പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവായ രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നുള്ളതാണ്.’- രാജേഷ് വ്യക്തമാക്കി.

സ്പീക്കര്‍ പദവിയുടെ അന്തസും ഇത് നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ചുകൊണ്ടു മാത്രമായിരിക്കും അത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുകയെന്നും സഭയ്ക്ക് ഉറപ്പു നല്‍കുന്നതായി രാജേഷ് കൂട്ടിച്ചേര്‍ത്തു.

 

Top