ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്ഥാനം 66-ാംമതെന്ന് കണക്കുകള്‍. ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ കണക്കിലാണ് ഇന്ത്യയുടെ സ്ഥാനം നിര്‍ണ്ണയിച്ചിരിക്കുന്നത്. ലോകത്ത് വിസയില്ലാതെ പാസ്‌പോര്‍ട്ട് മാത്രം ഉപയോഗിച്ച് എത്ര രാജ്യങ്ങളില്‍ യാത്ര ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം 78-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ അതില്‍ നിന്നും ഏറെ മുന്നോട്ട് പോകാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
സിംഗപ്പുരിന്റേതാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്. 165 രാജ്യങ്ങളില്‍ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ സഞ്ചരിക്കാനാകും. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് സിംഗപ്പൂരിന് തൊട്ടു പിന്നാലെ നില്‍ക്കുന്നത്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടും ലോകരാജ്യങ്ങള്‍ പരിഗണിക്കില്ല. 26 ആണ് പാക്കിസ്ഥാന് ലഭിച്ച സ്‌കോര്‍. സിറിയ 88-ാം സ്ഥാനത്തും (29 സ്‌കോര്‍), സൊമാലിയ 87-ാം സ്ഥാനത്തുമാണുള്ളത് (സ്‌കോര്‍ 34).
കഴിഞ്ഞ വര്‍ഷം 94-ാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാന്‍ ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തും ടൂറിസം മേഖലയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ളതാണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. എന്നാല്‍, ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ജര്‍മ്മിനിയുടേതായിരുന്നു ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട്. 177 ആയിരുന്നു 2018 തുടക്കത്തില്‍ ജര്‍മ്മനിയുടെ സ്‌കോര്‍. സിഗപ്പൂര്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ സിംഗപ്പൂര്‍ ജര്‍മ്മനിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചു വന്നിരിക്കുകയാണ്.