ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പോസ്‌റ്റോഫീസുകളിലൂടെ നല്‍കുന്നതിനുള്ള പദ്ധതി രാജ്യത്തെമ്പാടും വ്യാപിപ്പിക്കാമൊരുങ്ങി വിദേശകാര്യ മന്ത്രാലയം. ആദ്യഘട്ടത്തില്‍ രാജ്യത്തെമ്പാടും 56 പോസ്‌റ്റോഫീസുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയം തപാല്‍ വകുപ്പുമായി ചേര്‍ന്ന് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ഹെഡ് പോസ്‌റ്റോഫീസുകളില്‍ ഇത് നടപ്പാക്കിയതിനു ശേഷമാണ് ഇപ്പോള്‍ കൂടുതല്‍ ഇടങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നത്.
കേരളം, കര്‍ണാടകം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത പോസ്‌റ്റോഫീസുകളില്‍ പുതിയ സേവനം ലഭ്യമാകും. കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്ന പോസ്‌റ്റോഫീസുകള്‍ ഉണ്ടാവുക.
പദ്ധതി പ്രവര്‍ത്തന സജ്ജമായാല്‍, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഈ ‘പോസ്‌റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്ര’ങ്ങളിലെത്തി ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ കര്‍ണാടകത്തിലെ മൈസൂരുവിലും ഗുജറാത്തിലെ ദഹോദിലുമാണ് ജനുവരിയില്‍ പദ്ധതി നടപ്പാക്കിയിരുന്നത്. രണ്ടിടങ്ങളിലും പദ്ധതി പൂര്‍ണ വിജയമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഇവിടങ്ങളിലെ ഓരോ പോസ്റ്റ് ഓഫീസുകളിലും ദിവസം 100 പേര്‍ക്കുവീതം പാസ്‌പോര്‍ട്ട് സംബന്ധമായ സേവനം ലഭ്യമാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.