കൊച്ചി; ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയ യുവതിയുടെ പാസ്‌പോർട്ടിലും ബിനോയിയുടെ പേര്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്.
2004ലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഈ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പിനൊപ്പമാണ് ബിഹാര്‍ സ്വദേശിയായ യുവതി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാലെ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ കൃത്രിമം ഒന്നും നടന്നിട്ടില്ലെന്ന് തെളിയുകയും ചെയ്തു. ഈ പാസ്‌പോര്‍ട്ട് പ്രധാന തെളിവായി സ്വീകരിച്ചാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരായ അന്വേഷണം തുടരുന്നത്.
അതേസമയം ഒളിവില്‍ പോയിരിക്കുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇപ്പോഴുണ്ടാവില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരുന്നത് വരെ നടപടി മരവിപ്പിക്കുമെന്നും ബിനോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു.
ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഒളിവിലുള്ള പ്രതി രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.