ന്യൂഡല്‍ഹി : ഭാര്യമാരെ നാട്ടിലുപേക്ഷിച്ച് വിദേശത്തേക്ക് കടന്ന എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ ആണ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി വന്നിരിക്കുന്നത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ എട്ടുപേര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അറിയിച്ചു.
കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകളില്‍പ്പെടുകയും അറസ്റ്റും കോടതിയില്‍ ഹാജരാകുന്നതും ഒഴിവാക്കുന്നതിനുവേണ്ടി വിദേശത്ത് കഴിയുകയും ചെയ്യുന്ന പ്രവാസികള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.