ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പാസ്‌വേഡ് പങ്കിട്ട് വിഡിയോ സ്ട്രീമിങ് സേവനം ആസ്വദിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നീക്കം. നെറ്റ്ഫ്‌ലിക്‌സിന് പിന്നാലെ പാസ്‌വേഡ് പങ്കിടുന്നതിനെതിരെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും രംഗത്തെത്തിയിരിക്കുകയാണ്. നവംബര്‍ ഒന്നു മുതല്‍ അക്കൗണ്ട് പങ്കിടുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഉള്‍പ്പെടെ പുതിയ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അറിയിപ്പ്.
സബ്‌സ്‌ക്രൈബര്‍മാരുമായുള്ള കരാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കമ്പനി കാനഡയിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു അക്കൗണ്ട് എന്ന രീതി അടുത്തിടെയാണ് നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ വ്യാപകമായി നെറ്റ്ഫ്ളിക്സ് അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്തിരുന്നു. തങ്ങളുടെ നിക്ഷേപങ്ങളെ ഇത് ബാധിക്കുന്നുണ്ടെന്നാണ് കമ്പനി പറഞ്ഞത്.
അക്കൗണ്ടുകള്‍ പങ്കിടുന്ന രീതിക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് മെയിലിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനേഡിയന്‍ സബ്സ്‌ക്രൈബര്‍ കരാറിലെ ‘അക്കൗണ്ട് പങ്കിടല്‍’ എന്ന പേരില്‍ പുതിയതായി അപ്ഡേറ്റ് ചെയ്ത വിഭാഗത്തില്‍, ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. നവംബര്‍ ഒന്നാം തീയ്യതി മുതലായിരിക്കും ഈ മാറ്റങ്ങള്‍.