ലഖ്നൗ: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പതഞ്ജലിയുടെ മെഗാ ഫുഡ് പാര്‍ക്ക് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാനൊരുങ്ങുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിരാശജനകമായ സമീപനം മൂലമാണ് ഫുഡ് പാര്‍ക്ക് ഉത്തര്‍പ്രദേശിനു പുറത്തേക്കുമാറ്റേണ്ടി വന്നതെന്ന് പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ട്വിറ്ററില്‍ ആരോപിച്ചു.
ഗ്രേറ്റര്‍ നോയിഡയില്‍ ആരംഭിക്കാനിരുന്നതും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നതുമായ നിര്‍ദിഷ്ട മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി പിന്നീട് റദ്ദാക്കിയിരിക്കുന്നു. രാമന്റെയും കൃഷ്ണന്റെയും നാട്ടില്‍ സമൃദ്ധി കൊണ്ടുവരാന്‍ മെഗാ ഫുഡ് പാര്‍ക്കിന് സാധിക്കുമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കൊണ്ട് ഇത് സാധ്യമാക്കാന്‍ സാധിച്ചില്ലെന്നും ബാലകൃഷ്ണ ട്വീറ്റ് ചെയ്തു.