അഹമ്മദാബാദ്: 2989 കോടി ചെലവില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയിലെ നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സ്റ്റാച്യു ഓഫ് യൂണിറ്റി സമുച്ചയത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഗുജറാത്തില്‍ ശനിയാഴ്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതോടെ സീലിംഗിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുകയാണ്.
ഒരേസമയം 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഗ്യാലറി തയാറാക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് നര്‍മ്മദയുടെ ഭംഗി ആസ്വദിക്കാവുന്ന തരത്തിലാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സാധുബേട് ദ്വീപില്‍ പട്ടേല്‍ സ്മാരകം ഉയര്‍ന്നത്.
2013ല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി തന്നെയാണു പ്രതമയ്ക്ക് തറക്കല്ലിട്ടത്. ശില്‍പത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത് പ്രമുഖ ശില്‍പി റാം വി.സുതര്‍.
33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ തീര്‍ത്തത്. ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.