അഹമ്മദാബാദ് : രാജ്യം പുതിയ ബജറ്റിനു മുന്നില്‍ എത്തിനില്‍ക്കെ, രാജ്യത്തിന്റെ സാമ്പത്തിക നടത്തിപ്പില്‍ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍.
രാജ്യത്തിന്റെ പൊതുകടം കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ അത് ആഭ്യന്തര മൊത്തം ഉല്‍പാദനത്തെയും വികസനത്തെയും ബാധിക്കുമെന്നു വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സമ്മേളനത്തില്‍ പട്ടേല്‍ മുന്നറിയിപ്പു നല്‍കി.
പാവപ്പെട്ടവര്‍ക്കു വായ്പ ഉദാരമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബര്‍ 31ലെ പ്രഖ്യാപനത്തെയും പട്ടേല്‍ പരോക്ഷമായി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അതിരുവിട്ട വായ്പത്തോത് ആശങ്കാജനകമാണെന്നാണു റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. അതിരുവിട്ട സാമ്പത്തിക കമ്മിയും പൊതുകടവും കുറച്ചുകൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നു പട്ടേല്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മൊത്തം ഉല്‍പാദന (ജിഡിപി) – പൊതുകട അനുപാതം വികസനത്തിനു വിലങ്ങുതടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ ജിഡിപിയുടെ 6.4 ശതമാനമായാണു സാമ്പത്തിക കമ്മി ലക്ഷ്യമിടുന്നത്. ഇതു കൂടുതല്‍ കര്‍ക്കശമായി പിടിച്ചുനിര്‍ത്തണം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പൊതുകടം ജി-20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നാണു രാജ്യാന്തര നാണ്യനിധിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരുകള്‍ വായ്പകള്‍ക്കു കൂടുതല്‍ സബ്‌സിഡികള്‍ ഏര്‍പ്പെടുത്തുന്നതും വായ്പാ ഗാരന്റി ഉദാരമായി ഉറപ്പാക്കുന്നതും കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും പട്ടേല്‍ മുന്നറിയിപ്പു നല്‍കി. ഇതു സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്.
ഡിസംബര്‍ 31നു രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വനിതകള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ വായ്പകളും സാമ്പത്തികസഹായങ്ങളും നല്‍കുന്നതിനുള്ള ഉദാര വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരുന്നു.
ഇത്തരം ഉദാരസമീപനങ്ങള്‍ സര്‍ക്കാരിന്റെ കടക്കെണി വര്‍ധിപ്പിക്കുമെന്ന വ്യക്തമായ സൂചനയാണു പട്ടേല്‍ നല്‍കിയത്.
പണപ്പെരുപ്പത്തോത് ഏറ്റവും കുറഞ്ഞ നിലയില്‍ സുസ്ഥിരമായി പിടിച്ചുനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു സാമ്പത്തികവളര്‍ച്ചയ്ക്കാവശ്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള പലിശഘടന ആവിഷ്‌കരിക്കാന്‍ അത്യാവശ്യമാണ്. പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടിരിക്കെ, വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണു വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.